മഹാരാഷ്ട്രയിലെ കോവിഡ് വളര്‍ച്ചക്ക് കാരണം അതിഥി തൊഴിലാളികളെന്ന് രാജ് താക്കറെ

single-img
7 April 2021

മഹാരാഷ്ട്രയിലെ പെട്ടെന്നുള്ള കോവിഡ് വര്‍ധനവിന് കാരണം അന്യ സംസ്ഥാന തൊഴിലാളികളൈന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. കോവിഡ് ടെസ്റ്റിനുള്ള അടിസ്ഥാന സൗകര്യമില്ലാത്തിടത്ത് നിന്നാണ് തൊഴിലാളികള്‍ മഹാരാഷ്ട്രയിലേക്ക് തിരിച്ചെത്തിയതെന്നും താക്കറെ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി മഹാരാഷ്ട്രയിലെ കോവിഡ് കേസുകളില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്.

രാജ്യത്തെ ഏറ്റവും വ്യവസായവത്കൃത സംസ്ഥാനമാണ് മഹാരാഷ്ട്ര. വലിയ തോതില്‍ തൊഴിലാളികള്‍ എത്തിച്ചേരാന്‍ ഇത് കാരണമായി. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ കോവിഡ് ടെസ്റ്റ് നടത്താതെയാണ് തൊഴിലാളികള്‍ മഹാരാഷ്ട്രയിലേക്ക് എത്തുന്നത്. കഴിഞ്ഞ ലോക്ക് ഡൗണില്‍ മഹാരാഷട്രയില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങുന്ന തൊഴിലാളികളെ ടെസ്റ്റിന് വിധേയമാക്കണെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പാക്കിയില്ലെന്നും രാജ് താക്കറെ പറഞ്ഞു.