ദേശീയതലത്തിൽ കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കേരളത്തില്‍ നിന്ന്; പിണറായിയുടെ യുടേണ്‍ അല്‍ഭുതപ്പെടുത്തുന്നുവെന്നും ഉമ്മന്‍ ചാണ്ടി

single-img
6 April 2021

ദേശീയതലത്തിൽ കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കേരളത്തില്‍ നിന്ന് തുടക്കമാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിൽ യുഡിഎഫ് ഭരണത്തിലെത്തുമെന്നും കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന ഭയം കാരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ശബരിലയെ കുറിച്ച് പറയുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ആചാരങ്ങള്‍ക്ക് എതിരായി നിലപാടെടുക്കുകയും കോടതിയിൽ സത്യവാങ്മൂലം കൊടുക്കുകയും ചെയ്തയാളാണ് മുഖ്യമന്ത്രി.

ജന വികാരം എതിരാകുമെന്ന് ഭയന്ന് ഇപ്പോള്‍ യു ടേണ്‍ എടുക്കുകയാണെന്നും അതിന്റെ ഫലമായാണ് പുതിയ പ്രസ്താവനകള്‍ വരുന്നതെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ ആരും വിശ്വസിക്കില്ലെന്നും അദ്ദേഹത്തിന്റെ പുതിയ നിലപാട് അല്‍ഭുതപ്പെടുത്തുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ യാതൊരു ഗത്യന്തരവുമില്ലാതെയാണ് മുഖ്യമന്ത്രി അയ്യപ്പനെ കൂട്ടുപിടിക്കുന്നതെന്ന് എഐസിസി അംഗം കെസി വേണുഗോപാല്‍ പരിഹസിച്ചു. ശബരിമല വിഷയം ജനങ്ങള്‍ മറന്നിട്ടില്ല. അയ്യപ്പനെ പരമാവധി ദ്രോഹിച്ച സര്‍ക്കാരാണിത്. എങ്ങനെയാണ് അവര്‍ക്ക് ദൈവത്തെ വിളിക്കാന്‍ കഴിയുക. വന്‍ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിലെത്തും. ആലപ്പുഴയില്‍ മികച്ച മുന്നേറ്റം ഉണ്ടാകുമെന്നും വോണുഗോപാല്‍ പറഞ്ഞു.

യുഡിഎഫ് 80ലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ജില്ലാ തലങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് വിജയ പ്രതീക്ഷയുണ്ടെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.