ഗതികേടുകൊണ്ട് പിണറായി അയ്യപ്പനെ കൂട്ടപിടിച്ചിരിക്കുകയാണെന്ന് കെ.സി

single-img
6 April 2021

വിശ്വാസികളും ദേവഗണങ്ങളും ഈ തെരഞ്ഞെടുപ്പിൽ സർക്കാരിനൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഗതികേടുകൊണ്ടാണെന്ന് കെ.സി. വേണുഗോപാൽ. വിശ്വാസികളിൽ പിണറായി സർക്കാർ ഉണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്നും വിശ്വാസം ഇല്ലാതെ ദൈവത്തെ വിളിച്ചാൽ വിളി കേൾക്കില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഭരണമാറ്റം ആഗ്രഹിക്കുന്നവർ യുഡിഎഫിന് വോട്ടു ചെയ്യുമെന്നും ന്യായ് പദ്ധതി ജനഹൃദയങ്ങളിൽ സ്വാധീനം ചെലുത്തിയെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. അയപ്പഭക്തന്മാരുടെ വികാരങ്ങളെ മുറിവേൽപ്പിച്ച സർക്കാരാണ് ഇതെന്നും അയ്യപ്പ കോപവും, ദൈവ കോപവും, ജനങ്ങളുടെ കോപവും പിണറായി സർക്കാരിനുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിരീശ്വരവാദിയായ പിണറായി വിജയൻ ഇപ്പോൾ അയ്യപ്പന്റെ കാല് പിടിക്കുകയാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചിരുന്നു.

ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നതായാണ് താൻ വിശ്വസിക്കുന്നതെന്നും സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായി ഉണ്ട്. അതിപ്പോഴും ഉണ്ട്. അദ്ദേഹം പറഞ്ഞു.