കള്ളവോട്ട്: കണ്ണൂരില്‍ ഒരാളും ഇടുക്കിയില്‍ 14 അംഗ സംഘവും കസ്റ്റഡിയില്‍

single-img
6 April 2021

കണ്ണൂര്‍ താഴെ ചൊവ്വയില്‍ കള്ളവോട്ട് ചെയ്ത ആളെ കസ്റ്റഡിയിലെടുത്തു. വലിയന്നൂര്‍ സ്വദേശി ശശീന്ദ്രനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് സംശയിച്ച് തമിഴ്‌നാട്ടില്‍ നിന്നെത്തിയ 14 അംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു

കണ്ണൂര്‍ താഴെ ചൊവ്വ എല്‍പി സ്‌കൂളിലെ 73 ആം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. താഴെ ചൊവ്വ സ്വദേശി ശശീന്ദ്രന്റെ വോട്ട് വലിയന്നൂര്‍ സ്വദേശി ശശീന്ദ്രന്‍ രേഖപ്പെടുത്തി. പ്രിസൈഡിങ് ഓഫീസറുടെ പരാതിയില്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് നിയോജക മണ്ഡലം ഇടത് മുന്നണി സ്ഥാനാര്‍ഥി എം വി ഗോവിന്ദന്റെ ബൂത്തില്‍ കള്ളവോട്ട് ചെയ്യാനെത്തിയ ആള്‍ ഓടി രക്ഷപ്പെട്ടെന്ന് കെ സുധാകരന്‍ പറഞ്ഞു.

നെടുങ്കണ്ടത്ത് ഇരട്ടവോട്ട് സംശയിച്ച് തമിഴ്‌നാട്ടില്‍ നിന്നെത്തിയ 14 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി പ്രവര്‍ത്തകരുടെ പരാതിയിലാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ മരണാനന്തര ചടങ്ങിനെത്തിയതാണെന്ന് കസ്റ്റഡിയിലാവര്‍ വിശദീകരണം നല്‍കി. പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുകയാണ്. കള്ളവോട്ട് ആരോപിച്ച് ഇടുക്കി കമ്പംമേട്ടിലും തമിഴ്‌നാട്ടില്‍ നിന്നെത്തിയ വാഹനം യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.