പിണറായി വിജയന്‍ ക്യാപ്റ്റന്‍ തന്നെയെന്ന് കടകംപള്ളി സുരേന്ദ്രന്‍

single-img
5 April 2021

ക്യാപ്റ്റന്‍ വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാപ്റ്റന്‍ തന്നെയെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോടായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.ജനങ്ങളുടെ ക്യാപ്റ്റനാണ് മുഖ്യമന്ത്രി. ക്യാപ്റ്റന്‍ എന്നാല്‍ നായകന്‍ എന്നാണ്. ഇന്ന് അദ്ദേഹം ജനനായകന്‍ തന്നെയാണ്. ക്യാപ്റ്റനെന്ന് ആരെങ്കിലും സ്വയം തീരുമാനിക്കുന്നതല്ല. ജനങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന പേരാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ അമ്മമാര്‍ മുഖ്യമന്ത്രിയെ കാണുന്നത് കുടുംബത്തിലെ കാരണവരോ ഗൃഹനാഥനോ ആയിട്ടാണ്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനായി അവര്‍ കാത്തിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ രംഗത്തെത്തിയതോടെയാണ് വിവാദമായത്. പാര്‍ട്ടിയാണ് ക്യാപ്റ്റനെന്നായിരുന്നു ജയരാജന്റെ പ്രതികരണം. ഇതിന് പിന്നാലെ ക്യാപ്റ്റന്‍ വിശേഷണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. പിന്നീട് നിലപാട് മയപ്പെടുത്തി പി. ജയരാജന്‍ തന്നെ രംഗത്തെത്തിയിരുന്നു.