നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റ് സുഹൃത്ത് മരിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യത് നാല് സുഹൃത്തുക്കള്‍

single-img
5 April 2021

ശനിയാഴ്ച രാത്രി ഉത്തരാഖണ്ഡിലെ കുന്തി ഗ്രാമത്തിന് സമീപത്തെ വനത്തിൽ നായാട്ടിനിടെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍തിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ മനം നൊന്ത് നാല് സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്തു. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റു സുഹൃത്തുക്കളാണ് സംഭവം പുറത്തറിയിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഏഴു സുഹൃത്തുക്കള്‍ ഒരുമിച്ച് ശനിയാഴ്ച രാത്രി നായാട്ടിനിറങ്ങി. രാജീവ് എന്ന ഇരുപത്തിരണ്ടുകാരന്റെ കൈയിലായിരുന്നു ലോഡ് ചെയ്ത തോക്ക്. നടക്കുന്നതിനിടെ രാജീവ് കാല്‍തെറ്റി വീണു. വീഴ്ചയില്‍ തോക്ക് അബദ്ധത്തില്‍ പൊട്ടി. സന്തോഷ് എന്ന സുഹൃത്തിനാണ് അബദ്ധത്തില്‍ വെടിയേറ്റത്. രക്തം വാര്‍ന്ന് സന്തോഷ് മരിച്ചു. ഇതിൽ മനം നൊന്ത സുഹൃത്തുക്കളും ആത്മഹത്യ ചെയ്യുകയായിരുന്നു. രാജീവ് സ്വയം വെടിവെച്ചും സോബന്‍, പങ്കജ്, അര്‍ജുന്‍ എന്നിവര്‍ വിഷം കഴിച്ചുമാണ് ആത്മഹത്യ ചെയ്തത്.

കൂട്ടത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേരായ രാഹുല്‍, സുമിത് എന്നിവര്‍ തിരിച്ചെത്തി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. 18നും 22നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവരെല്ലാമെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് അറിയിച്ചു. മരണത്തിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.