ചടയമംഗലത്ത് പ്രചാരണത്തിൽ ഇടതുമുന്നണി ഏറെ മുന്നിൽ; റാലികളിൽ വൻ ജനപങ്കാളിത്തം

single-img
5 April 2021
chinchurani chadayamngalam

കൊല്ലം: പരസ്യ പ്രചാരണം അവസാനിക്കുമ്പോൾ ചടയമംഗലം മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായ ജെ ചിഞ്ചുറാണി ഏറെ മുന്നിലെന്ന് റിപ്പോർട്ട്. ശനിയാഴ്ച നടന്ന കനയ്യകുമാർ പങ്കെടുത്ത റാലിയിൽ കടയ്ക്കൽ ബസ്സ്റ്റാൻഡിൽ അയ്യായിരത്തോളം പേരാണ് പങ്കെടുത്തത്. പ്രചാരണം അവസാനിക്കുമ്പോൾ കടയ്ക്കലിലും ചടയമംഗലത്തും നിലമേലിലും ഇടതുപക്ഷ റാലികളിൽ വൻ ജനപങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്.

ചടയമംഗലത്ത് ഒരേയൊരു തവണ മാത്രമാണ് യുഡിഎഫ് സ്ഥാനാർത്ഥി ജയിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്നുതവണയായി സിപിഐ നേതാവ് മുല്ലക്കര രത്നാകരനാണ് ചടയമംഗലത്തെ പ്രതിനിധീകരിക്കുന്നത്. 2016-ലെ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് എംഎം ഹസനെ 15000-ലധികം വോട്ടുകൾക്കാണ് മുല്ലക്കര രത്നാകരൻ പരാജയപ്പെടുത്തിയത്. തുടക്കത്തിൽ സിപിഐയിലുണ്ടായിരുന്ന ചില അസ്വാരസ്യങ്ങൾ യുഡിഎഫ് ക്യാമ്പിന് പ്രതീക്ഷകൾ നൽകിയെങ്കിലും പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഇടതുമുന്നണി മേൽക്കൈ നേടുകയായിരുന്നു. സിപിഐ(എം) സജീവമായി പ്രചാരണരംഗത്തുണ്ടായിരുന്നതും ഇടതുമുന്നണിയ്ക്ക് ഗുണകരമായി.

അതേസമയം, കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കും ലീഗുമായുള്ള പ്രശ്നങ്ങളും യുഡിഎഫ് ക്യാമ്പിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രയാർ ഗോപാലകൃഷ്ണൻ സ്ഥാനാർത്ഥിയാകണമെന്ന വാദം ഒരുവിഭാഗം കൊൺഗ്രസുകാർക്കിടയിൽ ശക്തമായിരുന്നു. കൂടാതെ മറ്റുചില നേതാക്കളും സ്ഥാനാർത്ഥിത്വം ആഗ്രഹിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എംഎം നസീർ ആണ് ചടയമംഗലത്തെ യുഡിഎഫ് സ്ഥാനാർത്ഥി.

മിക്ക സർവ്വേകളും ചിഞ്ചുറാണി വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്. സംസ്ഥാനമൊട്ടാകെയുള്ള ഇടതുമുന്നണിക്കനുകൂലമായ വികാരം ഇടതിന് ശക്തിയുള്ള ചടയമംഗലത്തും ശക്തമായ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

LDF trend in Chadayamangalam