തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്‌ പിന്തുണയുമായി പി ഡി പി കേന്ദ്ര കമ്മിറ്റി

single-img
4 April 2021

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് പിന്തുണയുമായി പി ഡി പി കേന്ദ്ര കമ്മിറ്റി. രാജ്യമാകെയുള്ള ഫാസിസത്തിനും സംഘപരിവാര്‍ വിദ്വേഷ വര്‍ഗീയ ധ്രുവീകരണത്തിനുമെതിരെ താരതമ്യേന മികച്ച ബദല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇതോടൊപ്പം തന്നെ കോൺഗ്രസ് നടത്തുന്ന ഇടപെടലുകളെ പി ഡി പി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

രാജ്യത്തെ ദളിത് പിന്നാക്ക മതന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പ് പോലും ചോദ്യം ചെയ്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പാർലമെന്റിൽ പുതിയ നിയമനിര്‍മാണങ്ങള്‍ നടത്തുകയും വര്‍ഗീയ ധ്രുവീകരണത്തിനും വംശീയ ഉന്മൂലനത്തിനും ശ്രമിക്കുമ്പോഴും കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന് പിഡിപി പറയുന്നു. ഫാസിസത്തിനെതിരെ എന്ന് പറഞ്ഞുകൊണ്ട്പാര്‍ലമെന്റിലേക്ക് യുദ്ധത്തിന് പോയ നേതാക്കള്‍ ഡല്‍ഹിയിലെ യുദ്ധം മതിയാക്കി തിരിച്ചെത്തിയെന്ന് പി ഡി പി പരിഹസിച്ചു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് എം എല്‍എമാര്‍ ഇപ്പോൾത്തന്നെ ബി ജെ പിയിലേക്ക് ചേക്കേറുകയാണെന്നും ഇപ്പോഴത്തെ സ്ഥിതിയില്‍ താരതമ്യേന മികച്ച ബദല്‍ ഇടതുപക്ഷമാണെന്നും ഇടതു സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍കര്‍ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ടെന്നും പി ഡി പി കേന്ദ്ര കമ്മിറ്റി അറിയിച്ചു.