കൊവിഡ് വ്യാപനം വർദ്ധിച്ചു; മഹാരാഷ്ട്രയിൽ രാത്രി കര്‍ഫ്യുവും ലോക്ക്ഡൗണും പ്രഖ്യാപിച്ചു

single-img
4 April 2021

കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ച പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ ഇന്ന് മുതൽ രാത്രി കര്‍ഫ്യുവും ശനി ഞായ‍ർ ദിവസങ്ങളിൽ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ മഹാരാഷ്ട്രയില്‍ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകളാണ് ഇപ്പോള്‍‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ തീരുമാന പ്രകാരം വെള്ളിയാഴ്ച രാത്രി എട്ട് മണി മുതൽ തിങ്കളാഴ്ച രാവിലെ ഏഴ് മണിവരെയാണ് ലോക്ക് ഡൗണ്‍ ഉണ്ടാകുക.

എന്നാല്‍ മറ്റ് ദിവസങ്ങളില്‍ രാത്രി എട്ട് മണി മുതൽ ഏഴ് മണി വരെ രാത്രി കര്‍ഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ഈ സമയങ്ങളിൽ അഞ്ചോ അതിൽ അധികമോ ആളുകള്‍ കൂടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കർഫ്യൂ സമയങ്ങളില്‍ മാളുകള്‍ ഭക്ഷണശാലകള്‍ ബാറുകള്‍ എന്നിവ തുറക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഹോം ഡെലിവറിയും മറ്റ് അവശ്യ സേവനങ്ങളും ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിപ്പില്‍ പറയുന്നു.

നിയന്തരണങ്ങള്‍ ഉണ്ടെങ്കിലും വ്യാവസായിക പ്രവർത്തനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കും, പച്ചക്കറി വിപണികളിലെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ അവതരിപ്പിക്കും. തിരക്കില്ലാതെ ഫിലിം ഷൂട്ടുകൾ അനുവദിക്കുമെങ്കിലും തിയേറ്ററുകൾ അടച്ചിടും. നിലവില്‍ പൊതുഗതാഗതം 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാനാണ് തീരുമാനം.

അവസാന 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ 49,477 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടുകൂടി മഹാരാഷ്ട്രയിൽ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 29,53,523 ആയി ഉയര്‍ന്നു.