വട്ടായിപ്പോയേ, വട്ടായിപ്പോയേ എന്നൊരു പാട്ടുണ്ട്; അത് പ്രതിപക്ഷത്തെ ഉദ്ദേശിച്ചാണോ എന്നറിയില്ല: എം എം മണി

single-img
4 April 2021

സംസ്ഥാന പ്രതിപക്ഷ നേതാവ് ഉയർത്തിയ സംസ്ഥാന സർക്കാർ അദാനിയുമായുണ്ടാക്കിയ വൈദ്യുത കരാർ വിവാദത്തിൽ ആരോപണ-പ്രത്യാരോപണങ്ങൾ ഇപ്പോഴും വരികയാണ്. ഇപ്പോഴിതാ പ്രതിപക്ഷത്തിന് വട്ടായിപ്പോയോ എന്ന പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് വൈദ്യുതി മന്ത്രി എം.എം. മണി.

ഇതോടൊപ്പം തന്നെ ചെന്നിത്തല പൂഴിക്കടകനായി ഇറക്കിയത് ഏപ്രില്‍ മെയ് മാസങ്ങളിലെ അധിക ഉപഭോഗം നേരിടാന്‍ കെ എസ്ഇ ബി. ഏര്‍പ്പെട്ട ഹൃസ്വകാല വൈദ്യുതി വാങ്ങല്‍ക്കരാറാണ്. യൂണിറ്റിന് 3.04 രൂപ, 3.41 എന്നീ നിരക്കുകളില്‍ യഥാക്രമം ദിവസം മുഴുവനും വൈദ്യുതി നല്‍കാനും പീക്ക് ലോഡ് സമയത്ത് മാത്രം വൈദ്യുതി നല്‍കാനുമാണ് കരാര്‍ വെച്ചിട്ടുള്ളത് എന്നും മന്ത്രി പറയുന്നു.

മന്ത്രി എം എം മണിയുടെ പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം;

വട്ടായിപ്പോയേ, വട്ടായിപ്പോയേ….

ചെന്നിത്തല പൂഴിക്കടകനായി ഇറക്കിയത് ഏപ്രില്‍ മെയ് മാസങ്ങളിലെ അധിക ഉപഭോഗം നേരിടാന്‍ കെ.എസ്.ഇ.ബി. ഏര്‍പ്പെട്ട ഹൃസ്വകാല വൈദ്യുതി വാങ്ങല്‍ക്കരാറാണ്. യൂണിറ്റിന് 3.04 രൂപ, 3.41 എന്നീ നിരക്കുകളില്‍ യഥാക്രമം ദിവസം മുഴുവനും വൈദ്യുതി നല്‍കാനും പീക്ക് ലോഡ് സമയത്ത് മാത്രം വൈദ്യുതി നല്‍കാനുമാണ് കരാര്‍ വെച്ചിട്ടുള്ളത്.

കേന്ദ്ര സര്‍ക്കാര്‍ നിടന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ റിവേസ് ഓക്ഷന്‍ സംവിധാനത്തോടുകൂടിയ DEEP പോര്‍ട്ടല്‍ മുഖാന്തിരം തികച്ചും സുതാര്യമായി നടന്ന ടെണ്ടറില്‍ ദിവസം മുഴുവന്‍ വൈദ്യുതി ലഭ്യമാക്കാന്‍ 50 മെഗാവാട്ട് വീതം GMR, അദാനി പവര്‍ എന്നീ കമ്പനികള്‍ക്കും പീക്ക് സമയത്ത് മാത്രം വൈദ്യുതി ലഭ്യമാക്കാന്‍ 50 മെഗാവാട്ട് വീതം GMR, PTC എന്നീ കമ്പനികള്‍ക്കുമാണ് കരാര്‍ നല്‍കിയിട്ടുള്ളത്. ടെണ്ടറില്‍ പരമാവധിയായി ഒരു നിരക്ക് രേഖപ്പെടുത്തുകയും എല്ലാകമ്പനികള്‍ക്കും അതില്‍ കുറവ് മാത്രം ക്വോട്ട് ചെയ്യാവുന്നതാണെന്ന് നിജപ്പെടുത്തുകയും ചെയ്യുന്നതാണ് റിവേര്‍സ് ടെണ്ടര്‍. ഇതില്‍തന്നെ പങ്കെടുക്കുന്നവരില്‍ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്യുന്ന കമ്പനിയുടെ ഓഫര്‍ ഓണ്‍ലൈനായി മറ്റു കമ്പനികള്‍ക്കും കാണാന്‍ കഴിയുകയും അതില്‍ നിന്നും വീണ്ടും കുറഞ്ഞ തുക ക്വോട്ട് ചെയ്യാന്‍ എല്ലാ കമ്പനികള്‍ക്കും ടെണ്ടര്‍ അവസാനിക്കും വരെ അവസരം ലഭിക്കുകയും ചെയ്യുന്ന രീതിയാണ് ഓക്ഷനില്‍ ഉള്ളത്.

അങ്ങിനെ റിവേര്‍സ് ഓക്ഷന്‍ മുഖാന്തിരം ഇന്ത്യയില്‍ത്തന്നെ ഏറ്റവും ന്യായമായ നിരക്ക് ഉറപ്പുവരുത്താന്‍ കഴിഞ്ഞു എന്നതാണ് കെ.എസ്.ഇ.ബി.യുടെ പ്രത്യേകത. എന്നാല്‍ ഇതില്‍ എന്തോ ഗുരുതര പ്രശ്നം എന്നും പറഞ്ഞ് ബഹളം വെക്കുന്ന പ്രതിപക്ഷ നേതാവ് 2012, 2013, 2014 കാലങ്ങളില്‍ യു.ഡി.എഫ്. കേരളത്തില്‍ ഭരണത്തിലിരുന്നപ്പോള്‍ ഉണ്ടാക്കിയ ഹൃസ്വകാല കരാറുകളുടെ പട്ടിക ഒന്നു നോക്കുന്നത് നല്ലതാണ്. ഈ പട്ടികയാണ് ചിത്രങ്ങളില്‍ ഉള്ളത്.

2012-13 ൽ യൂണിറ്റിന് 3.77 മുതൽ 7.45 രൂപ വരെ2013 – 14 ൽ യൂണിറ്റിന് 5.5 മുതൽ 6.97 രൂപ വരെ2014-16 ൽ യൂണിറ്റിന് 3.08 മുതൽ 5.66 രൂപ വരെഎന്നിങ്ങനെയാണ് യു.ഡി.എഫ്. കാലത്തെ നിരക്കുകള്‍.

ഇതിലൊക്കെ കിട്ടിയ കോഴയുടെ ഓര്‍മ്മയിലാണോ പ്രതിപക്ഷ നേതാവുള്ളത്? എന്തായാലും എല്‍.ഡി.എഫ്. യാതൊരു കോഴയും വാങ്ങിയിട്ടില്ല. തികച്ചും സുതാര്യമായ നടപടികളേ ഉണ്ടായിട്ടുള്ളൂ. ജനങ്ങള്‍ക്ക് ഗുണമേന്‍മയുള്ള വൈദ്യുതി നിയന്ത്രണങ്ങളില്ലാതെ താങ്ങാവുന്ന നിരക്കില്‍ എത്തിക്കുക എന്നതാണ് എല്‍.ഡി.എഫ് നയം. അതിന് സാദ്ധ്യമായ എല്ലാ സ്രോതസ്സുകളും ഉപയോഗപ്പെടുത്താനും എല്‍.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്.

വട്ടായിപ്പോയേ, വട്ടായിപ്പോയേ എന്നൊരു പാട്ടുണ്ട്. അത് പ്രതിപക്ഷത്തെ ഉദ്ദേശിച്ചാണോ എന്നറിയില്ല.