കൊട്ടിക്കലാശം ഇല്ലെങ്കിലും മണ്ഡലങ്ങളിലെല്ലാം ഉയര്‍ന്നത് ആവേശം; കേരളം ഇനി നിശബ്ദ പ്രചാരണത്തിലേക്ക്

single-img
4 April 2021

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രംഗത്ത് ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകൾ. കോവിഡ് വ്യാപന സാഹചര്യത്തിൽ കൊട്ടിക്കലാശം ഇല്ലായിരുന്നെങ്കിലും മണ്ഡലങ്ങളിലെല്ലാംവലിയ ആവേശമാണ് പരസ്യപ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ കണ്ടത്.

രാഹുൽ ഗാന്ധി കോൺഗ്രസിനായി അവസാനലാപ്പിൽ ആവേശമായി മാറി. നേമത്ത് കെ മുരളീധരന്‍റെ പ്രചാരണത്തിനെത്തിയ രാഹുൽ തലസ്ഥാനത്ത് റോഡ്ഷോയിലൂടെ ആവേശം പകർന്നപ്പോൾ ഇടതുപക്ഷത്തിന്‍റെ സ്റ്റാർ ക്യാമ്പെയിനറായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്തെ ചെങ്കടലാക്കിയ റോഡ് ഷോ നടത്തി. ബിജെപി നേതാക്കളാകട്ടെ സ്വന്തം മണ്ഡലങ്ങളിൽ നിലയുറപ്പിച്ചുള്ള പ്രചരണമാണ് നടത്തിയത്.

ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് കൊട്ടിക്കലാശമില്ലാതെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കുകയായിരുന്നു മുന്നണികൾ. നാളെ തൊള്ളായിരത്തി അൻപത്തിയേഴു സ്ഥാനാർത്ഥികളുടെ വിധി നിശ്ചയിക്കാനായി സംസ്ഥാനത്തെ രണ്ടു കോടി 74 ലക്ഷം വോട്ടർമാർ മറ്റന്നാൾ പോളിംഗ് ബൂത്തുകളിൽ എത്തും.