ആസ്ട്രസെനക വാക്‌സിന് പാര്‍ശ്വഫലങ്ങളില്ല; കുവൈത്തില്‍ ഒന്നരലക്ഷം ഡോസ് വാക്‌സിനുകള്‍ എത്തി

single-img
4 April 2021

കുവൈത്തില്‍ ഓക്‌സ്‌ഫോര്‍ഡ്- ആസ്ട്രസെനക വാക്‌സിന്റെ രണ്ടാം ബാച്ചെത്തി. ഒന്നര ലക്ഷം ഡോസ് വാക്‌സിനാണ് ശനിയാഴ്ചയെത്തിയത്. ഇന്നുമുതല്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള കുത്തിവെപ്പ് കേന്ദ്രങ്ങളിലൂടെ ഇത് വിതരണം ചെയ്യും. ഒന്നാമത്തെ ബാച്ചില്‍ രണ്ടുലക്ഷം ഡോസ് ഓക്‌സ്‌ഫോര്‍ഡ്- ആസ്ട്രസെനക വാക്‌സിന്‍ ഇറക്കുമതി ചെയ്തിരുന്നു. അടുത്തയാഴ്ച മൂന്നാമത്തെ ബാച്ചുമെത്തിക്കുമെന്നാണ് വിവരം.

ആസ്ട്രസെനക വാക്‌സിന്‍ രക്തം കട്ടപിടിക്കാന്‍ കാരണമാകുന്നതായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ വിവിധ രാജ്യങ്ങള്‍ ഇറക്കുമതി മരവിപ്പിച്ചിരുന്നു. എന്നാല്‍, കുവൈത്തില്‍ കൊണ്ടുവന്ന ആസ്ട്രസെനക വാക്‌സിന് പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

വാക്‌സിന്‍ ഉപയോഗവും സുരക്ഷാ മാനദണ്ഡങ്ങളും ആരോഗ്യ മന്ത്രാലയം സ്ഥിരമായി നിരീക്ഷിക്കുന്നുണ്ട്. പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തി മാത്രമാണ് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നത്. മോഡേണ, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ വാക്‌സിനുകള്‍ കൂടി വൈകാതെ കുവൈത്തില്‍ എത്തിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുമായി ആരോഗ്യ മന്ത്രാലയം ധാരണയിലെത്തിയിട്ടുണ്ട്.