യുപിയില്‍ ബിജെപി സ്ഥാനാർത്ഥിയെ വെടിവെച്ച് കൊലപ്പെടുത്തി

single-img
4 April 2021
uttar pradesh bjp leader shot dead

പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയെ വെടിവെച്ച് കൊലപ്പെടുത്തി. നാരായൺപൂർ സ്വദേശിയും മുതിർന്ന ബിജെപി നേതാവുമായ ബ്രിജേഷ് സിംഗാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇതുവരെ മൂന്ന് പേരെ പോലീസ് പിടികൂടി.

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം.പൊതുയോഗത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ മൊഗ്ഹാല മേഖലയിൽവെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്. പ്രദേശവാസികൾ ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിലുമാണ് അദ്ദേഹത്തിന് വെടിയേറ്റത്.

നാല് പേരാണ് അക്രമി സംഘത്തിൽ ‘ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നാലാമനായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. സംഭവത്തിൽ ബ്രിജേഷ് സിംഗിന്റെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഏപ്രിൽ 15 മുതലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. നാല് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഏപ്രിൽ 29 ന് അവസാനിക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.