കുമ്മനം രാജേട്ടൻ എന്റെ റോൾ മോഡൽ; വെറുതെ മത്സരിച്ച് പോവാനല്ല ചിറയിൻകീഴിൽ വന്നിരിക്കുന്നത്: ആശാനാഥ്

single-img
3 April 2021

ഇതുവരെയുള്ള തന്റെ പ്രവർത്തനത്തിന്റെ ഫലമാണ് ഇത്തവണ തനിക്ക് ലഭിച്ച നിയമസഭാ സീറ്റെന്ന് ചിറയിൻകീഴ് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി ആശാനാഥ് പറയുന്നു. രാഷ്ട്രീയത്തിൽവരുംമുന്‍പ് തന്നെ ജനങ്ങളുമായ ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടുന്നതിൽ തനിക്ക് ആവേശമുണ്ടായിരുന്നതായും എന്നാൽ അതൊക്കെ പ്രാവർത്തികമാക്കാൻ അവസരം കിട്ടിയത് രാഷ്‌ട്രീയത്തിൽ ഇറങ്ങിയ ശേഷമാണെന്നും ആശാനാഥ് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഇത്തവണ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയാകുമെന്ന് നേതാക്കളാരും പറഞ്ഞിരുന്നില്ല. തലേദിവസം മാത്രമാണ് പട്ടികയിൽ എന്റെ പേരുണ്ടെന്ന് അറിഞ്ഞത്. അതിനാല്‍ തന്നെ പോസ്റ്ററുകളൊക്കെ വൈകിയാണ് വന്നത്. സ്ഥാനാർത്ഥി ആയി പ്രഖ്യാപിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് ഫോട്ടോ തന്നെയെടുക്കാൻ സാധിച്ചത്. ചിറയിൻകീഴില്‍ നടക്കുന്നത് നല്ല മത്സരമാണെന്നും മണ്ഡലത്തിൽ പലയിടത്തും തനിക്ക് പോസ്റ്ററുകൾ ഒട്ടിക്കാൻ സാധിക്കുന്നില്ലെന്നും ഒട്ടിക്കുന്നത് പലതും വലിച്ച് കീറി കളയുകയാണ് എന്നും ആശാനാഥ്‌ പറയുന്നു.

ഇവിടം ഇടതുപക്ഷത്തിന്റെ കോട്ടയാണെന്ന് കാണിക്കാനാണ് ശ്രമം നടക്കുന്നത്.അനായാസ വിജയം പ്രതീക്ഷിച്ചിടത്ത് ബി ജെ പി ജയിക്കുമെന്ന് കണ്ടതോടെയാണ് എൽ ഡി എഫ് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതെന്നും ആശ ആരോപിച്ചു. താന്‍ ചിറയിൻകീഴിൽ സ്ഥാനാർത്ഥിയാണെങ്കിലും നേമത്ത് പ്രചാരണത്തിനിറങ്ങിയ കാരണവും ആശ പറഞ്ഞു.

ആശയുടെ വാക്കുകള്‍: “കുമ്മനം രാജേട്ടൻ എന്റെ റോൾ മോഡലാണ്. ഇവിടെ നിന്ന് കുറച്ച് സമയം കിട്ടിയാൽ നേമത്തേക്ക് ഓടും. നേമത്ത് പോസ്റ്ററുകൾ ഒട്ടിക്കാനും പ്രധാനപ്പെട്ട വോട്ടർമാരെ കാണാനും ശ്രമിക്കാറുണ്ട്. നേമം ഒരിക്കലും കൈവിട്ട് പോകരുതെന്ന് ആഗ്രഹിക്കുന്നത്”.

താന്‍ വെറുതെ മത്സരിച്ച് പോവാനല്ല ചിറയിൻകീഴിൽ വന്നിരിക്കുന്നത്. നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം, ചിറയിൻകീഴ് സീറ്റുകളൊക്കെ ബി ജെ പി പിടിക്കുമെന്ന ആത്മവിശ്വാസവും ആശ പ്രകടിപ്പിച്ചു.