ടോക്കിയോ ഒളിംപിക്സിൽ സിന്ധു മെഡൽ നേടാൻ എന്ത് ചെയ്യണം; പരിശീലകൻ യു വിമൽകുമാ‍ർ പറയുന്നു

single-img
2 April 2021

അടുത്തതായി നടക്കുന്ന ടോക്കിയോ ഒളിംപിക്സിൽ മെഡൽ നേടണമെങ്കിൽ ഇന്ത്യയുടെ ബാഡ്മിന്റൻ ലോക ചാംപ്യൻ പി വി സിന്ധു എന്ത് ചെയ്യണമെന്ന് പറയുകയാണ് പ്രമുഖ പരിശീലകൻ യു വിമൽകുമാ‍ർ. സിന്ധു താനെ‌ ‘റിക്കവറി’ക്കായി കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും മത്സര ക്ഷീണത്തി‍ൽനിന്നും താരങ്ങൾ പുറത്തുകടക്കുന്ന റിക്കവറിയിൽ ശ്രദ്ധിക്കാത്തതുകൊണ്ടാണു സിന്ധുവിന് അടുത്തയിടെ ചില ചാംപ്യൻഷിപ്പുകളിൽ തിരിച്ചടിയുണ്ടായതെന്നും സൈന നെഹ്‍വാൾ ഉൾപ്പെടെയുള്ള താരങ്ങളുടെ മുൻ പരിശീലകനും മലയാളിയുമായ വിമൽകുമാർ ഒരു മാധ്യമത്തോട് പറഞ്ഞു.

ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയ്ക്കുവേണ്ടി മെടല്‍ നേടാന്‍ സിന്ധുവിന് കഴിവുണ്ട്. നേരത്തെ ഓൾ ഇംഗ്ലണ്ട് ക്വാർട്ടറിൽ അകാനെ യമഗുച്ചിക്കെതിരെ തന്റെ സ്വതസിദ്ധമായ മികവ് സിന്ധു പുറത്തെടുത്തിരുന്നു.എന്നാല്‍ ഇനിമുതല്‍ മത്സരങ്ങൾക്കിടയിലെ റിക്കവറിയിൽ സിന്ധു കൂടുതൽ ശ്രദ്ധപുലര്‍ത്തണം. ചിലപ്പോള്‍ ഓരോ മത്സരത്തിനുമിടയിൽ 24 മണിക്കൂർ സമയമൊന്നും റിക്കവറിക്കായി കിട്ടിയെന്നു വരില്ല.

ഈ സന്ദര്‍ഭങ്ങളില്‍ ഐസ് ബാത്ത് പോലെ റിക്കവറിക്കായി പല രീതിയിലുള്ള മാർഗങ്ങളുണ്ട്. നിലവില്‍ ശരീരക്ഷമതയിൽ സിന്ധു മുന്നിലാണ്. എന്നാല്‍ കടുത്ത മത്സരങ്ങൾക്കുശേഷം ശരീരത്തിനുണ്ടാകുന്ന ക്ഷീണത്തിൽനിന്ന് അതിവേഗം പുറത്തുകടക്കാൻ കഴിയണം. എങ്കില്‍ മാത്രമേ മെഡലിലേക്കെത്താൻ കഴിയൂ’ – വിമൽകുമാർ പറഞ്ഞു.