ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ വോട്ടിങ് യന്ത്രം; 4 പേരെ സസ്‌പെൻഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ; റീപോളിങ്

single-img
2 April 2021

അസമിലെ ബി.ജെ.പി സ്ഥാനാർത്ഥിയുടെ കാറില്‍ നിന്നും വോട്ടിങ് യന്ത്രം കണ്ടെത്തിയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മിഷന്‍. മെഷീന്‍ ഉപയോഗിച്ച ബൂത്തിൽ റീപോളിങ് നടത്താനും നിർദ്ദേശം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. നേരത്തെയും ഇവിഎമ്മുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നിരുന്നു.

അസമില്‍ ബി.െജ.പി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്നും ഇ.വി.എം മെഷീന്‍ കണ്ടെത്തിയതില്‍ ദുരൂഹതയില്ലന്നായിരുന്നു ആദ്യഘട്ടത്തിലെ വിലയിരുത്തൽ‍. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ കാര്‍ കേടായതിനെ തുടര്‍ന്ന് മറ്റൊരു കാറിന്‍റെ സഹായ തേടിയെന്നായിരുന്നു വിശദീകരണം. സഹായം തേടിയ കാര്‍ സ്ഥാനാര്‍ഥിയുടേതാണെന്ന് പിന്നീടാണ് അറിഞ്ഞതെന്ന വിശദീകരണമാണ് ഉദ്യോഗസ്ഥര്‍ നല്‍കിയതെന്നാണ് വിവരം.

ഇന്നലെയാണ് പതര്‍കണ്ടി മണ്ഡലത്തിലെ സ്ഥാനാര്‍ഥി കൃഷ്‌ണേന്ദു പാലിന്റെ വാഹനത്തില്‍ നിന്ന് ഒരു വോട്ടിങ് മെഷീന്‍ നാട്ടുകാര്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ഈ മേഖലയില്‍ വലിയ തോതിലുള്ള സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളിലെ നേതാക്കന്മാര്‍ സ്ഥലത്തെത്തുകയും കാറ് തടഞ്ഞുവെച്ച് പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താനാണ് ഇയാള്‍ ഇത് എടുത്തുകൊണ്ടുപോയത് എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ളവര്‍ ആരോപിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അസമില്‍ കടുത്ത പോരാട്ടമാണ് കോണ്‍ഗ്രസും ഭരണ കക്ഷിയായ ബി.ജെ.പിയും തമ്മില്‍ നടക്കുന്നത്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയും എന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനുള്ള പശ്ചാത്തലത്തിലാണ് ഈ സംഭവവും പുറത്ത് വരുന്നത്.