പാലക്കാട് എന്റെ ജയത്തിന്റെ പ്രധാന കാരണമാകുക എന്റെ വ്യക്തിത്വം: ഇ ശ്രീധരന്‍

single-img
2 April 2021

ഇത്തവണ പാലക്കാട് നിയോജക മണ്ഡലത്തില്‍ നിന്നും താണ ജയിക്കുമെന്ന് ഉറപ്പാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. പാലക്കാട്ടെ നിലവിലെ ട്രെന്‍ഡ് ബിജെപിക്ക് വളരെ അനുകൂലമാണെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

” ഞാൻ ഇവിടെ ജയിക്കുമെന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. അതോടൊപ്പം കേരളത്തിൽ ബിജെപിക്ക് വലിയൊരു മുന്നേറ്റമുണ്ടാകും. ഇപ്പോള്‍ തന്നെ ബിജെപിക്ക് 17 ശതമാനത്തിലധികം വോട്ട് ഷെയറുണ്ട്. ഒരു പത്തോ പന്ത്രണ്ടോ ശതമാനം വോട്ട് കൂടി ആയാല്‍ തന്നെ ബിജെപിക്ക് ഭരണം പിടിച്ചെടുക്കാമല്ലോ. നിഷ്പ്രയാസം ജയിക്കും, ഇപ്പോഴുള്ള മൂഡ് കണ്ടിട്ട്, ആളുകളുടെ സമീപനം കണ്ടിട്ട് അതാണ് മനസിലാകുന്നതെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

പാലക്കാട് എന്റെ ജയത്തിന്റെ പ്രധാന കാരണമാവുന്നത് എന്റെ വ്യക്തിത്വം തന്നെയാണ്. ഈ വ്യക്തിത്വത്തിന്റെ പ്രഭാവം ബിജെപിയിലേക്കും പോയിട്ടുണ്ട്. അതിനാലാണ് ബിജെപി ജയിക്കാന്‍ പോകുന്നത്. ഇത്തവണ ബിജെപി കേരളത്തിൽ അധികാരം പിടിക്കാന്‍ സാധ്യതയുണ്ട്. ആം ആദ്മി പാര്‍ട്ടി എങ്ങനെയാണ് ഡല്‍ഹി പിടിച്ചെടുത്തത് അതുപോലെ തന്നെ. ആം ആദ്മിക്ക് അവിടെ വേരുകളൊന്നും ഉണ്ടായിരുന്നില്ല. കേരളത്തില്‍ ഇപ്പോൾ തന്നെ ബിജെപിക്ക് അതിനേക്കാള്‍ വേരുകളുണ്ട്.

മറ്റൊരു ഉദാഹരണം ത്രിപുര ഒറ്റ രാത്രി കൊണ്ട് ബിജെപി എങ്ങനെയാണ് പിടിച്ചെടുത്തത്. ആ രീതിയിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടേയുമുണ്ടാകും. ജനങ്ങള്‍ക്ക് എല്‍ഡിഎഫിനേയും യുഡിഎഫിനേയും മടുത്തതുകൊണ്ട് വലിയൊരു മാറ്റം വരുമെന്നാണ് ഞാന്‍ വിചാരിക്കുന്നതെന്നും ശ്രീധരൻ പറഞ്ഞു.