പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
2 April 2021

അദാനി-കെഎസ്ഇബി കരാറില്‍ വന്‍ അഴിമതി നടന്നെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന് എന്തു വളിച്ചു പറയാനും മടിയില്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളം വൈദ്യുതി രംഗത്ത് ഇക്കാലത്ത് നല്ല പുരോഗതി നേടിയിട്ടുണ്ട്. പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത അഞ്ചു വര്‍ഷമാണ് കടന്നു പോയത്. പ്രതികപക്ഷ നേതാവ് കെഎസ്ഇബിയെ താറടിച്ചു കാണിക്കാന്‍ ശ്രമിക്കുകയാണ്- മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

‘പ്രതിപക്ഷ നേതാവ് പറയുന്നത് മലയാള മനോരമ എന്ന പത്രമുള്ളതു കൊണ്ടാണ്. പുകമറ സൃഷ്ടിക്കാനാണ് ശ്രമം. മലയാള മനോരമ ഈ തലത്തിലേക്ക് അധഃപതിക്കാന്‍ പാടില്ല. മനോരമ പത്രം ഉള്ളതു കൊണ്ടാണ് ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നത്’ – മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തിനുണ്ടായ സ്വീകാര്യത സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ്. നുണപ്രചാരണങ്ങള്‍ക്ക് ജനം മറുപടി നല്‍കും. സര്‍ക്കാറിനെതിരെ അനാവശ്യ ആരോപണങ്ങളുയരുമ്പോള്‍ പ്രതിരോധക്കോട്ടയായി മാറുന്നത് ജനങ്ങളാണ്- പിണറായി ചൂണ്ടിക്കാട്ടി.

‘ കേരളം കള്ളവോട്ടിന്റെ നാടാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. കേരളത്തില്‍ അത് പ്രായോഗികമാകില്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിന ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു