പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയ് റാലി ഇന്ന് പത്തനംതിട്ടയില്‍

single-img
2 April 2021

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയ് റാലി ഇന്ന് പത്തനംതിട്ടയില്‍. പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുയോഗത്തില്‍ 9 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കും. പരിപാടിയില്‍ ഒരു ലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കുമെന്നാണ് എന്‍ഡിഎ നേതാക്കളുടെ കണക്കുകൂട്ടല്‍.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് പത്തനംതിട്ട നഗരം. കേന്ദ്ര സേനകള്‍ക്ക് പുറമേ 1400 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. രാവിലെ 11മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ ഗതാഗത നിയന്ത്രണമുണ്ടാകും. പ്രധാനമന്ത്രി എത്തിച്ചേരുന്ന പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം മുതല്‍ പരിപാടി നടക്കുന്ന പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയംവരെയുള്ള റൂട്ടില്‍ പരമാവധി യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്.

പ്രധാനമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട് മൂന്ന് ഹെലിപാഡുകളാണ് ജില്ലാ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. ജില്ലാ സ്റ്റേഡിയത്തില്‍ മണ്ണിട്ട് ഉറപ്പിച്ച് കോണ്‍ക്രീറ്റ് ചെയ്താണ് ഹെലിപാഡുകള്‍ തയ്യാറാക്കിയത്. സ്റ്റേഡിയത്തിന് ചുറ്റും സുരക്ഷാ വേലിയും ക്രമീകരിച്ചു. പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങള്‍ക്ക് പുറമേ ചെങ്ങന്നൂര്‍, മാവേലിക്കര, പത്തനാപുരം, കൊട്ടാരക്കര മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും വിജയ് റാലിയില്‍ പങ്കെടുക്കും.