കരഞ്ഞുകലങ്ങിയ കണ്ണുമായി മകനെ നെഞ്ചോട് ചേര്‍ത്ത് ഒരച്ഛന്‍; പ്രചാരണത്തിന്റെ തിരക്കിനു വൈകിട്ടുവരെ അവധി നൽകി സ്ഥാനാർഥി

single-img
2 April 2021

കരഞ്ഞുകലങ്ങിയ കണ്ണുമായി മകനെ നെഞ്ചോട് ചേര്‍ത്ത് ഒരച്ഛന്‍…അടൂര്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.ജി.കണ്ണനാണു മകനുമായി ആശുപത്രിയുടെ പടവുകള്‍ കയറുന്നതെന്നു മറ്റാര്‍ക്കും മനസ്സിലായില്ല. പ്രാര്‍ത്ഥനയോടെ ജീവിക്കുകയാണ് ഇന്നും ഈ അച്ഛന്‍. രക്താര്‍ബുദത്തിനു ചികിത്സയിലാണ് കണ്ണന്റെ മകന്‍ 9 വയസ്സുള്ള ശിവകിരണ്‍.

പ്രചാരണതിരക്കിലായിരുന്നു കണ്ണന്‍. സജിതാമോള്‍ക്കൊപ്പം ശിവകിരണിനെ ആശുപത്രിയിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചു. പക്ഷേ, രാത്രിയായപ്പോള്‍ ശിവകിരണിനു നിര്‍ബന്ധം, ‘അച്ഛനും കൂടി വരണം.’ ഒടുവില്‍ പ്രവര്‍ത്തകരെ വിളിച്ചു പ്രചാരണസമയം പുനഃക്രമീകരിച്ചു. അങ്ങനെ ഇന്നലെ മകനെയും കൂട്ടി കണ്ണന്‍ ആശുപത്രിയിലെത്തി.

ശിവകിരണിനു 3 വര്‍ഷം മുന്‍പു പനി ബാധിച്ചു. പനി പതിവായതിനൊപ്പം മുഖത്തു ചോര നിറമുള്ള പാടുകള്‍. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ആര്‍സിസിയിലേക്ക് അയച്ചത്. രക്താര്‍ബുദമായിരുന്നു ശിവകിരണിന്. രോഗം ഗുരുതരാവസ്ഥയിലാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
ചികിത്സയ്ക്കുള്ള സാമ്പത്തിക സ്ഥിതിയില്ലാത്തതിനാല്‍ ഉമ്മന്‍ ചാണ്ടി ഇടപെട്ടു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ഉള്ളൂരിനടുത്ത് വീടു വാടകയ്‌ക്കെടുത്തു. ( ചികിത്സയ്ക്ക് പോകാന്‍ യാത്രാ സൗകര്യത്തിന്) സാമ്പത്തികമായി തകര്‍ന്നപ്പോള്‍ നാട്ടിലുള്ളവരെല്ലാം സഹായിച്ചു. വാടകവീട്ടില്‍ 2 വര്‍ഷം താമസിച്ചാണു ചികിത്സ പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ 3 മാസം കൂടുമ്പോള്‍ പരിശോധന നടത്തണം.