മുന്‍ കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ വിവാദ പരാമര്‍ശം; ഉദയനിധി സ്റ്റാലിന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന് ബിജെപി

single-img
2 April 2021

മുൻ കേന്ദ്ര മന്ത്രിമാരായ സുഷമ സ്വരാജിനും അരുൺ ജെയ്റ്റ്ലിക്കുമെതിരെ നടത്തിയ വിവാദ പരാമർശത്തിന്റെ പേരില്‍ ഡിഎംകെ നേതാവും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ഉദയനിധിയുടെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

ഈ ആവശ്യവുമായി കരു നാഗരാജനെന്ന ബിജെപി നേതാവ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകി. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പീഡനം സഹിക്കാൻ സാധിക്കാഞ്ഞതോടെയാണ് മുൻ കേന്ദ്ര മന്ത്രിമാരായ അരുൺ ജെയ്റ്റ്ലിയും സുഷമ സ്വരാജും മരിച്ചതെനായിരുന്നു ഉദയനിധി നടത്തിയ പ്രസ്താവന.

‘പ്രധാനമന്ത്രി മോദി നിങ്ങൾ എല്ലാവരേയും അടിച്ചമർത്തി.പ്രധാനമന്ത്രിയെ വണങ്ങാനോ ഭയപ്പെടാനോ ഞാൻ ഇ പളനിസ്വാമിയല്ല.ഞാൻ ഉദയനിധി സ്റ്റാലിൻ കലൈഞ്ജറുടെ പേരമകനാണ് എന്നായിരുന്നു ഉദയനിധിയുടെ പരാമർശം.സുഷമ സ്വരാജ് എന്നൊരാളുണ്ടായിരുന്നു.അവർ മരിച്ചത് മോദി ഏൽപ്പിച്ച സമ്മർദ്ദം താങ്ങാനാവാതെയാണ്.അരുൺ ജെയ്റ്റി എന്നൊരു വ്യക്തിയുണ്ടായിരുന്നു . മോദിയുടെ പീഡനം സഹിക്കാതെയാണ് അദ്ദേഹം മരിച്ചത്’എന്നും ഉദയനിധി സ്റ്റാലിൻ വ്യാഴാഴ്ച നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണം പ്രസംഗത്തിനിടെ പറഞ്ഞു.

എന്നാല്‍ സംഭവം വിവാദമായതോടെ പ്രതികരണവുമായി അരുൺ ജെയ്മറ്റിയുടെ മകൾ സൊണാലി ജയി ബാഷിയും സുഷമ സ്വരാജിന്റെ മകൾ ബാൻസുരിയും രംഗത്ത് വന്നിരുന്നു. തന്റെ പിതാവിനെ അപമാനിക്കാനോ പിതാവിനേക്കുറിച്ച് നുണ പറഞ്ഞാലോ താൻ മിണ്ടാതിരിക്കില്ലെന്നും രാഷ്ട്രീയത്തിനും അതീതമായ പ്രത്യേക ബന്ധമായിരുന്നു അരുൺ ജെയ്റ്റ്ലിയും നരേന്ദ്ര മോദിയും തമ്മിൽ ഉണ്ടായിരുന്നതെന്നും നിങ്ങൾക്ക് അത്തരമൊരു ബന്ധമുണ്ടാവാനായി താൻ പ്രാർത്ഥിക്കുന്നുവെന്നുമാണ് സൊണാലി ട്വീറ്റ് ചെയ്തത്.

ഉദയനിധിയുടെ പ്രസ്താവന തെറ്റാണെന്നും പ്രധാനമന്ത്രി അമ്മയെ ഏറെ ബഹുമാനിച്ചിരുന്ന ആളാണെന്നും ഇത്തരത്തിലുള്ള പ്രസ്താവന ഞങ്ങളെ മുറിവേൽപ്പിക്കുന്നതാണെന്നും സുഷമ സ്വരാജിന്റെ മകളെ ബാൻസുരി സ്വരാജും ട്വീറ്റ് ചെയ്തു.