45 വയസ്സിന് മുകളിലുള്ളവർ എത്രയും വേഗം വാക്സീന്‍ സ്വീകരിക്കണം; വിതരണം ഇന്നുമുതല്‍; 45 ദിവസംകൊണ്ട് പൂർത്തിയാക്കുക ലക്ഷ്യം

single-img
1 April 2021

നാല്പത്തഞ്ച് വയസുപിന്നിട്ടവര്‍ക്ക് കോവിഡ് വാക്സീന്‍ പ്രതിരോധമരുന്ന് ഇന്ന് മുതല്‍. രാവിലെ ഒന്‍പതുമുതല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ വാക്സീന്‍ വിതരണം തുടങ്ങും. www.cowin.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ആരോഗ്യസേതു ആപ്പ് വഴിയോ വീടിനു സമീപമുളള വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയോ റജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റർ ചെയ്യുമ്പോൾ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം. രജിസ്റ്റർ ചെയ്യാതെ നേരിട്ടെത്തിയും മരുന്ന് സ്വീകരിക്കാം.

ഇതര സംസ്ഥാനങ്ങളില്‍ കോവിഡ് രണ്ടാം തരംഗം മാരകമായി ബാധിച്ചതിനാല്‍ എത്രയും വേഗം വാക്സീന്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നൽകി. 45 വയസ്സിന് മുകളിലുള്ളവർക്ക് 45 ദിവസംകൊണ്ട് മരുന്നുവിതരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

45 നുമേല്‍ പ്രായമുളള അസുഖബാധിതര്‍ക്കും അറുപത് വയസ് കഴിഞ്ഞവര്‍ക്കുമായിരുന്നു ഇതുവരെ വാക്സീന്‍ ലഭിച്ചിരുന്നത്. ഇന്നുമുതല്‍ 45 കഴിഞ്ഞ ആര്‍ക്കും വാക്സീന്‍ ലഭിക്കും. 1492 കേന്ദ്രങ്ങളിലായി വാക്സീന്‍ ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായ വാക്സിനേഷന് സ്വകാര്യ ആശുപത്രികളില്‍ 250 രൂപ നല്കണം.

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡോ മറ്റേതെങ്കിലും അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖയോ  കരുതണം. 35,01495 പേര്‍ ഇതിനകം വാക്സീനെടുത്തു. 21 ലക്ഷത്തിലേറെയും അറുപത് വയസിനു മുകളില്‍ പ്രായമുളളവരാണ്. ഇന്നും നാളെയുമായി ഒമ്പതര ലക്ഷം ഡോസ് വാക്സീന്‍ കൂടിയെത്തും. 

4,40,500 ഡോസ് വാക്സിൻ ബുധനാഴ്ച തിരുവനന്തപുരത്ത് എത്തി. വ്യാഴാഴ്ച എറണാകുളത്ത് 5,11,000 ഡോസ് എത്തിക്കും. അടുത്തദിവസംതന്നെ കോഴിക്കോട്ടും മരുന്ന് എത്തിക്കും.സംസ്ഥാനത്ത് 38 ലക്ഷം പേര്‍ക്ക് കോവിഡ് വന്നു മാറിയെന്നാണ് കണക്കുകള്‍. മൂന്നരക്കോടിയില്‍ വലിയൊരു വിഭാഗത്തിന് ഇനിയും രോഗം ബാധിച്ചേക്കാം.

മഹാരാഷ്ട്ര ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ വീണ്ടും രോഗബാധ രൂക്ഷമാകുന്ന സാഹചര്യത്തില്‍ എത്രയും വേഗം വാക്സീന്‍ സ്വീകരിച്ച് സുരക്ഷിതരാകണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നത്.