ബിജെപിയുടെ താരപ്രചാരകര്‍ സ്വയം മൂര്‍ഖനെന്ന് പറയുന്നു; ഏത് വിഷമുള്ള മൂര്‍ഖനെയും തല്ലിക്കൊല്ലാന്‍ ഒരു ചെരിപ്പ് മാത്രം മതി: മഹുവ മൊയ്ത്ര

single-img
1 April 2021

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പിടിക്കാനായി നാല്‍പ്പതിലധികം താരപ്രചാരകരെ മുന്നോട്ട് വെച്ച ബി ജെ പി നീക്കത്തെ പരിഹസിച്ച് തൃണമൂല്‍ എം പി മഹുവ മൊയ്ത്ര. ബിജെപിയിലേക്ക് പുതുതായി അംഗത്വമെടുത്ത ചില താരപ്രചാരകര്‍ സ്വയം മൂര്‍ഖനാണെന്നൊക്കെ പറയുന്നുണ്ടെന്നും എന്നാല്‍ അതൊന്നും നിലവിലെ മമത ബാനര്‍ജിയുടെ വിജയത്തെ ബാധിക്കില്ലെന്നും മഹുവ പറഞ്ഞു.

‘കാട്ടില്‍ ഇനി ആരൊക്കെയുണ്ട് എന്ന് പറഞ്ഞാലും സിംഹം ഒന്നു മാത്രമേയുള്ളു. പുതുതായി ബി ജെ പിയിലേക്ക് എത്തിയ ചില താരപ്രചാരകര്‍ സ്വയം മൂര്‍ഖനാണെന്ന് പറയുന്നത് കേട്ടു. പക്ഷെ ബംഗാളിയില്‍ ഒരു ചൊല്ലുണ്ട്. ഏത് വിഷമുള്ള മൂര്‍ഖനെയും തല്ലിക്കൊല്ലാന്‍ ഒരു ചെരിപ്പ് മാത്രം മതി’, മഹുവ പറഞ്ഞു. പൂർണ്ണമായുംകാര്‍ഷിക രംഗത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ് ബംഗാളിലുള്ളതെന്നും വികസനം അവരിലേക്ക് കൂടിയെത്തിയാല്‍ മാത്രമെ സംസ്ഥാനത്ത് പുരോഗതിയുണ്ടാകുകയുള്ളുവെന്നും മഹുവ കൂട്ടിച്ചേർത്തു.

പശു നമുക്ക് സ്വര്‍ണ്ണം തരുന്നു എന്നൊക്കെ പറയുന്നവരാണ് ബി ജെ പിക്കാര്‍. സോണാ ബംഗ്ല അങ്ങനെയുണ്ടാക്കാമെന്നാണ് അവർ പറയുന്നത്. അവർ 500 വര്‍ഷം പിറകിലേക്ക് ബംഗാളിനെ കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും മഹുവ പറഞ്ഞു.