ഇവന്റെ പേര് ‘വോജ്‌ടെക്’; സൈനികര്‍ക്ക് പ്രിയപ്പെട്ട പട്ടാളക്കരടി

single-img
31 March 2021

1940കളുടെ തുടക്കത്തിലാണ് വോജ്‌ടെക് എന്ന് പേരുള്ള ഒരു കരടി‌ സൈനികര്‍ക്കൊപ്പം കൂടുന്നത്. വനത്തില്‍ കടന്ന വേട്ടക്കാരുടെ വെടിയേറ്റ് അമ്മ കൊല്ലപ്പെട്ടപ്പോള്‍ ഈ കുഞ്ഞു കരടി തനിച്ചായിപോകുകയായിരുന്നു. പിന്നീട് ഹമദാന്‍ റെയില്‍വേ സ്റ്റേഷന്റെ സമീപം പോളിഷ് സൈനികര്‍ക്കരികലേക്ക് ആ കരടിക്കുഞ്ഞ് വന്നു.

സൈനികര്‍ അതിനെ സ്വന്തമെന്നപോലെ പരിപാലിക്കുകയും കുപ്പിയില്‍ പാലു നല്‍കുകയും ചെയ്തു. ഈ സ്നേഹത്തില്‍ കരടികുഞ്ഞ് മടങ്ങി പോകാതെ അവരോട് ഒപ്പം നില്‍ക്കുകയും ക്രമേണ പോളിഷ് സൈനികര്‍ അതിനെ കൂടെക്കൂട്ടുകയുമായിരുന്നു. തുടര്‍ന്ന്വോജ്‌ടെക്‌ എന്ന് പേരും നല്‍കി. സന്തോഷമുള്ള പോരാളി എന്നാണ് വോജ്‌ടെക്‌ എന്ന വാക്കിനര്‍ത്ഥം.

വളരെ വേഗം തന്നെ സൈനികരുടെ പ്രിയപ്പെട്ടവനായി മാറിയ വോയ്ടെക്.തന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളിലെല്ലാം സൈനികരുടെ കൂടെ ഉണ്ടായിരുന്നതുകൊണ്ടുതന്നെ അവന്റെ ശീലങ്ങളില്‍ പലതും സൈനികരുടേതിന് സമാനമായിരുന്നു. ഇവനും സൈനികരുമായി ഗുസ്തി പിടിക്കുകയും സിഗരറ്റ് വലിക്കുകയും ചിലപ്പോള്‍ ബിയര്‍ വരെ കുടിയ്ക്കുകയും ചെയ്തുവന്നു.

അപൂര്‍വ്വം ചിലപ്പോള്‍ വൈകുന്നേരങ്ങളിലെ ക്യാമ്പ് ഫയറുകളില്‍ പോലും സൈനികര്‍ക്കൊപ്പം കൂടി വോജ്‌ടെക്. പക്ഷെ പോളിഷ് സൈന്യം പിന്നീട് ബ്രിട്ടീഷ് ആര്‍മിയുമായി ചേര്‍ന്നതോടെ വോജ്‌ടെക്‌ എന്ത് ചെയ്യണമെന്ന് അറിയാതെയായി. കാരണം, ബ്രിട്ടീഷ് ആര്‍മിയില്‍ മൃഗങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു. പക്ഷെ പോളിഷ് ആര്‍മി വോജ്‌ടെക്കിനെ സൈനിക വിഭാഗത്തിലേക്ക് ഔദ്യോഗികമായി ഉള്‍പ്പെടുത്തി നിയമം പാസാക്കി. പ്രൈവറ്റ് റാങ്കിലായിരുന്നു അന്ന് വോജ്‌ടെക്‌, ഇതോടെ പൂര്‍ണമായും വോജ്‌ടെക്‌ സൈനികനായി.

വിധി അവിടെയും കാത്തുനിന്നില്ല. അധികം വൈകാതെ തന്നെ വോജ്‌ടെക്‌ അടങ്ങുന്ന യൂണിറ്റ് സൈന്യത്തില്‍ നിന്നും പുറത്താക്കപ്പെട്ടു. പിന്നീടുള്ള കാലം എഡിന്‍ബര്‍ഗ് മൃഗശാലയിലായിരുന്നു വോജ്‌ടെക്‌ എന്ന കരടിയുടെ വാസം. 23-ാം വയസ്സില്‍ അവിടെ വെച്ചു തന്നെ പട്ടാളക്കാരനായ കരടി മരണപ്പെടുകയും ചെയ്തു.