ആഴക്കടലിലെ ധാരണപത്രം റദ്ദാക്കി ഉത്തരവിറക്കിയിട്ടില്ല; വിവാദത്തില്‍നിന്ന് തടിയൂരാനുള്ള തന്ത്രം മാത്രമായി ധാരണപത്രം റദ്ദാക്കല്‍ അവകാശവാദം

single-img
31 March 2021

അമേരിക്കന്‍ കമ്പനി ഇംഎംസിസിയുമായി ആഴക്കടല്‍ മല്‍സ്യബന്ധനത്തിലെ ധാരണപത്രം റദ്ദാക്കിയെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം. വിവാദത്തില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായിരുന്നു അസൻഡ് കേരളയില്‍ സര്‍ക്കാരുമായി ഒപ്പിട്ട 5,324 കോടിയുടെ ധാരണപത്രം റദ്ദാക്കിയെന്ന പ്രഖ്യാപനമെന്ന് വ്യക്തമാവുകയാണ്. പ്രഖ്യാപനം നടന്നിട്ട് ആഴ്ചകളായെങ്കിലും ഇതുവരെ വ്യവസായവകുപ്പ് ധാരണാപത്രം റദ്ദാക്കി ഉത്തരവിറക്കിയിട്ടില്ല. ഫെബ്രുവരി 2020ല്‍ ഇഎംസിസിയും കെഎസ്ഐഡിസിയുമായി ഒപ്പിട്ട ധാരണപത്രം വ്യവസായമന്ത്രിയുടെ നിര്‍ദേശപ്രകാരം റദ്ദാക്കിയെന്നായിരുന്നു സര്‍ക്കാര്‍ അവകാശവാദം.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് എടുത്ത തീരുമാനം അംഗീകരിച്ച് പക്ഷെ ഇതുവരെയും വ്യവസായവകുപ്പോ സര്‍ക്കാരോ ഉത്തരവിറക്കിയിട്ടില്ല. പ്രതിപക്ഷത്തിന്‍റെ അസത്യ പ്രചാരണത്തിന് തടയിടാനാണ് ധാരണാപത്രം റദ്ദാക്കുന്നതെന്നായിരുന്നു വിശദീകരണം. എന്നാല്‍ വിവാദത്തില്‍നിന്ന് തടിയൂരാനുള്ള തന്ത്രം മാത്രമായിരുന്നു ധാരണപത്രം റദ്ദാക്കല്‍ അവകാശവാദം.

സര്‍ക്കാരിനു വേണ്ടി കെഎസ്ഐഡിസി എംഡി ഒപ്പിട്ട ധാരണപത്രം റദ്ദാക്കിയത് സര്‍ക്കാര്‍ ഉത്തരവായി തന്നെ ഇറങ്ങണമെന്നിരിക്കെ ഇത്തരത്തില്‍ ഒരു ഉത്തരവും ഇതുവരെ ഇറങ്ങിയിട്ടില്ല. ധാരണാപത്രത്തില്‍ റദ്ദാക്കി ഉത്തരവ് ഇറങ്ങാത്തത് എന്ത് എന്നുള്ള ചോദ്യങ്ങള്‍ക്ക് വ്യവസായ വകുപ്പിനോട് ആരായണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കിയത്. ഇതേപ്പറ്റി വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരോട് ടെലിഫോണില്‍ ആരാഞ്ഞപ്പോള്‍ അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനുമായി ഇഎംസിസി യാനങ്ങള്‍ നിര്‍മിക്കാനുണ്ടാക്കിയ ധരണാപത്രം റദ്ദുചെയ്ത് ഉത്തരവിറങ്ങുകയും ചെയ്തു.

എന്നാൽ കരാർ റദ്ദാക്കി ഉത്തരവിറക്കിയാല്‍ കൂടുതല്‍ തെളിവുകള്‍ അമേരിക്കന്‍ കമ്പനി പുറത്തുവിടുമോ എന്നുള്ള ഭയമാണ് ഉത്തരവിറക്കാതെ നീട്ടികൊണ്ട് പോകുന്നതിന്‍റെ പിന്നിലെന്ന സംശയം ബലപ്പെടുകയാണ്