പിണറായി വിജയന്‍ ആകെ ഭയപ്പെട്ടിരിക്കുകയാണ്; ബോംബ് പൊട്ടുന്നത് സിപിഎമ്മിനുള്ളിൽ : മുല്ലപ്പള്ളി

single-img
31 March 2021

മുഖ്യമന്ത്രി പറഞ്ഞ ബോംബ് പൊട്ടുന്നത് സിപിഎമ്മിന് ഉളളില്‍ തന്നെയായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇ.പി.ജയരാജനോടും പി.ജയരാജനോടും പിണറായി വിജയന്‍ കാണിച്ചത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

‘പിണറായി വിജയന്‍ ആകെ ഭയപ്പെട്ടിരിക്കുകയാണ്. എന്ത് വിസ്‌ഫോടനമാണ് സംഭവിക്കുക എന്നുളള ഭീതിയിലും അങ്കലാപ്പിലുമാണ് അദ്ദേഹം. അതുകൊണ്ടാണ് ബോംബ് പൊട്ടുമെന്ന് അദ്ദേഹം മുന്‍കൂറായി പറഞ്ഞത്. ഏറ്റവും വലിയ ബോംബ് ഇപ്പോള്‍ പൊട്ടാന്‍ പോകുന്നത് പാര്‍ട്ടിയിലാണ്. പിണറായി വിജയന്റെ പിറകില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി അദ്ദേഹത്തെ കാത്തുസംരക്ഷിച്ചൊരു മനുഷ്യനാണ് ഇ.പി.ജയരാജന്‍. അദ്ദഹത്തോട് കാണിച്ചത് കടുത്ത വിവേചനമാണ്. അദ്ദേഹത്തിന്റെ മനസ്സിന്റെ ആശങ്കയാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പ്രതിഫലിക്കുന്നത്.’ – മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ വര്‍ഷങ്ങളായിട്ട് അറിയുന്നതാണെന്നും അദ്ദേഹം സ്വന്തം നിഴലിനെ പോലും പേടിക്കുന്ന ഭീരുവാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ യോഗങ്ങള്‍ നടത്തുന്നത് പി.ആര്‍.ഏജന്‍സി ആണെന്നും 120 കോടി രൂപയാണ് അതിനായി ചെലവഴിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.