ചുമരുകളിലടിക്കാന്‍ ചാണകം കൊണ്ടുള്ള പെയിന്റുമായി ഖാദി ഇന്ത്യ

single-img
31 March 2021

നമ്മുടെ രാജ്യത്ത് അടുത്തിടെ ഖാദി ഇന്ത്യ പുറത്തിറക്കിയ ചാണകം കൊണ്ടുണ്ടാക്കിയ പെയിന്റ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമായി തുടങ്ങി.വീടുകളുടെയും സ്ഥാപനങ്ങളുടെയും ചുമരിലടിക്കുന്ന പെയിന്റ് ആണ് ഖാദി പുറത്തിറക്കിയത്. ‘വേദിക് പെയിന്റ്’ എന്ന് പേര് നല്‍കിയിട്ടുള്ള ഇവ ഇന്ത്യാ മാർട്ട് ഉൾപ്പടെയുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഇപ്പോള്‍ ലഭ്യമാണ്.

വിപണിയില്‍ ഒരു ലിറ്റർ പെയിന്റിന് 170 രൂപയാണ് വില. കേന്ദ്ര മന്ത്രിയായ നിതിൻ ഗഡ്കരിയാണ് ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ കീഴിലുള്ള ഖാദി ഇന്ത്യയുടെ ഈ പുതിയ ഉത്പന്നം പുറത്തിറക്കിയത്. രാജ്യത്ത് ഉടനീളം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും കർഷകർക്ക് അധിക വരുമാനം നൽകുന്നതിനും ഇത് സഹായിക്കുമെന്ന് വേദിക് പെയിന്റ് പുറത്തിറക്കിക്കൊണ്ട് മന്ത്രിഅഭിപ്രായപ്പെട്ടു.

വളരെയധികം പരിസ്ഥിതി സൗഹൃദവും തീര്‍ത്തും വിഷരഹിതവുമായി വേദിക് പെയിന്റ് ബാക്ടീരിയകളെയും ഫംഗസുകളെയും തുരത്തും. ചുമരുകളില്‍ ഇവ അടിച്ചശേഷം വെറും നാല് മണിക്കൂറിനുള്ളിൽ പെയിന്റ് ഉണങ്ങും. മാത്രമല്ല ഇവ കഴുകി കളയാനും സാധിക്കും. പെയിന്റ് നിര്‍മ്മിക്കാന്‍ കർഷകരിൽ നിന്ന് കിലോയ്ക്ക് 5 രൂപ വച്ചാണ് ചാണകം വാങ്ങുക.

നിലവില്‍ വെള്ള നിറത്തിലുള്ള പെയിന്റിനും ചാണകം തന്നെയാണ് ഉപയോഗിക്കുന്നത്. ഇനിവരുന്ന രണ്ട് വർഷത്തിനുള്ളിൽ 6,000 കോടി രൂപയുടെ വിൽപ്പന നടക്കുമെന്നാണ് കണക്കാക്കുന്നത്. ചാണകം വിൽക്കുന്നതിലൂടെ കർഷകർക്ക് 1,000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെവിഐസി ചെയർമാൻ വിനയ് കുമാർ സക്‌സേന പറയുന്നു.