കര്‍ഷക സമരം ഇനി പുതിയ തലത്തിലേക്ക്; പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനം

single-img
31 March 2021

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്ത് നടന്നുവരുന്ന കര്‍ഷക സമരം ഇനി പുതിയ തലത്തിലേക്ക്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് കാല്‍നടയായി മാര്‍ച്ച് പ്രഖ്യാപിച്ച് സംയുക്ത കര്‍ഷക സംഘടനകള്‍. മെയ് ആദ്യ ആഴ്ചയില്‍ മാര്‍ച്ചിന് തുടക്കം കുറിക്കും. രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ആരംഭിക്കുന്ന കാല്‍നട മാര്‍ച്ച് പാര്‍ലമെന്റിലേക്ക് എത്തി ചേരുകയാണ് ചെയ്യുകയെന്ന് സംയുക്ത കര്‍ഷക മോര്‍ച്ച വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 26നാണ് ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക വിരുദ്ധമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം തുടങ്ങിയത്. പിന്നാലെ മാര്‍ച്ച് 26 ന് ഭാരത് ബന്ദ് കര്‍ഷകര്‍ നടത്തിയിരുന്നു.ഇതിനിടയില്‍ ധാരാളം തവണ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.നിലവില്‍ കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കും വരെ പ്രതിഷേധം തുടരാനാണ് കര്‍ഷകരുടെ തീരുമാനം.