രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 53,480 കൊവിഡ് കേസുകള്‍

single-img
31 March 2021

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 53,480 കൊവിഡ് കേസുകള്‍. 354 പേരുടെ മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,21,49,335 ആയി. ആകെ മരണം 1,62,468 ആയി. ആക്ടീവ് കേസുകളുടെ എണ്ണം 5,52,566 ആണ്. രോഗമുക്തി നിരക്ക് 94.11 ആയി താഴ്ന്നു.

കൊവിഡ് വ്യാപനം അതിഗുരുതരമാകുന്ന വിധത്തില്‍ രൂക്ഷമാകുന്നതായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി . കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ 45 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ മോശം അവസ്ഥയില്‍ നിന്ന് അതീവ സങ്കീര്‍ണമായ അവസ്ഥയിലേയ്ക്ക് മാറിയതായി വ്യക്തമാക്കി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് കത്ത് എഴുതി.

പ്രതിദിന കണക്കുകളുടെ വര്‍ധനയ്ക്ക് പിന്നാലെ വ്യാപനം വേഗത്തില്‍ കൂടുന്നത് വലിയ വെല്ലുവിളി ആണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിഗമനം. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ സംസ്ഥാനങ്ങള്‍ക്കുള്ള കത്ത്. രണ്ട് പ്രധാന നിര്‍ദേശങ്ങളാണ് കത്ത് മുന്നോട്ട് വയ്ക്കുന്നത്. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ വാക്സിന്‍ നല്‍കാന്‍ നടപടി ഉറപ്പാക്കാനാണ് ആദ്യ നിര്‍ദേശം. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലയില്‍ ഇത് നിര്‍ബന്ധമായും ഉറപ്പ് വരുത്തണം. ഒരോ ജില്ലകള്‍ കേന്ദ്രികരിച്ചും പ്രാദേശിക സാധ്യതകള്‍ കൂടി പരിഗണിച്ച് പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കണം എന്നതാണ് രണ്ടാമത്തേത്.

മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, മധ്യാ പ്രദേശ്, തമിഴ് നാട്, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളാണ് വ്യാപന തോതില്‍ മുന്നില്‍. പ്രത്യേക ശ്രദ്ധയും നിയമം അനുസരിച്ചുള്ള നിയന്ത്രണങ്ങളും ഈ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തണം. പ്രതിദിന ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്ത് നിര്‍ദേശിക്കുന്നു.