വോട്ടുകച്ചവടം നടത്തുന്നത് മോദിയുടെ അനുയായികള്‍: എ വിജയരാഘവൻ

single-img
30 March 2021

പ്രധാനമന്ത്രി നരേന്ദ്രമോദി ഉയര്‍ത്തിയ മാച്ച് ഫിക്‌സിംഗ് ആരോപണത്തിന് മറുപടിയുമായി സി പി എം രംഗത്ത്. വോട്ടുകച്ചവടം നടത്തുന്നത് മോദിയുടെ അനുയായികളാണെന്നും നേമത്ത് കഴിഞ്ഞ തവണ ഒ രാജഗോപാൽ ജയിച്ചത് കോൺഗ്രസ് സഹായത്താലാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ആരോപിച്ചു‍.

കേരളത്തിലെ വോട്ട് കച്ചവടത്തെ കുറിച്ച് കോൺഗ്രസുമായി ബി ജെ പി ഇപ്പോള്‍ വളരെ സജീവമായി ചർച്ച നടത്തുകയാണ്. എങ്ങിനെയാണ് രാജഗോപാൽ നിയമസഭ കണ്ടത് എന്നതിനെ പറ്റിയായിരുന്നു പ്രധാനമന്ത്രി വ്യക്തമാക്കേണ്ടിയിരുന്നത്. അക്കാര്യം മറച്ചുവച്ച് അദ്ദേഹം സംസാരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ വാക്കുകളുടെ മൂല്യമാണ് ചോർന്നുപോകുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

പ്രധാനമന്ത്രി മോദി കേരളത്തിൽ എത്തിയപ്പോള്‍ സംസ്ഥാനത്തുണ്ടായ വലിയ വികസനം സാധാരണക്കാരനെ എത്തരത്തിൽ സ്‌പർശിച്ചുവെന്നതിനെപ്പറ്റി ഒരക്ഷരം പോലും മിണ്ടിയില്ല. സംസ്ഥാനത്തെ വികസന മുന്നേറ്റത്തെ കുറിച്ചും കേരളത്തിൽ നടപ്പായ സാമൂഹിക മുന്നേറ്റത്തെ കുറിച്ചും അദ്ദേഹം മൗനം പാലിക്കുകയാണ്. പെട്രോൾ വില വർദ്ധിപ്പിക്കുന്ന സ്വന്തം നയം തിരുത്തുമോയെന്നും മോദി വ്യക്തമാക്കേണ്ടതായിരുന്നെന്നും വിജയരാഘവൻ ആരോപിച്ചു.