കെ പി എ മജീദിന്റെ മകള്‍ക്കും ഇരട്ട വോട്ട്

single-img
30 March 2021
KPA Majeed Enforcement

മുസ്ലിംലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും തിരൂരങ്ങാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ പി എ മജീദിന്റെ മകള്‍ കെ പി റുബീനക്കും ഇരട്ട വോട്ട്. വിവാഹം കഴിഞ്ഞ് 17 വര്‍ഷം കഴിഞ്ഞിട്ടും കെ പി എ മജീദിന്റെ വീട്ടിലും ഭര്‍ത്താവായ അബ്ദുള്‍ ഗഫൂറിന്റെ വീട്ടിലും കെ പി റുബീനക്ക് വോട്ടുണ്ട്. കുറുവ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ 78–ാം ബൂത്തില്‍ 256–ാം ക്രമനമ്പറായാണ് വോട്ട്. HFS 2027159 നമ്പറായി ഐഡി കാര്‍ഡുമുണ്ട്. അതേസമയം, തവനൂര്‍ മണ്ഡലത്തിലെ ജിഎല്‍പിഎസ് തൃക്കണാപുരത്തെ 62—ാം നമ്പര്‍ ബൂത്തില്‍ 44—ാം ക്രമ നമ്പറായും വോട്ടര്‍ പട്ടികയിലുണ്ട്. FMJ1965318 നമ്പറിലാണ് ഐഡി കാര്‍ഡ്.

അതേ സമയം ചെങ്ങന്നൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം മുരളിയുടെ മരുമകള്‍ വൈപ്പുവിളയില്‍ നിവേദിതയ്ക്ക് ഇരട്ട വോട്ട്. ചെറുകോല്‍ ഗവ. മോഡല്‍ യു പി സ്‌കൂളിലെ 141 -ാം നമ്പര്‍ ബൂത്തില്‍ ക്രമനമ്പര്‍ 270, 271 എന്നിങ്ങനെയാണ് ഇരട്ട വോട്ടുള്ളത്. എം മുരളിയുടെ മകന്‍ മൃദുല്‍ മുരളി കൃഷ്ണയുടെ ഭാര്യയാണ്.

വോട്ടര്‍പട്ടികയിലെ ഇരട്ടവോട്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) ചൊവ്വാഴ്ച വൈകിട്ട് നാലിനകം കലക്ടര്‍മാര്‍ക്ക് കൈമാറും. ജില്ലകളിലെ പൊതുവിവരങ്ങള്‍ കലക്ടര്‍മാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കും. ഒരാള്‍ ഒരു വോട്ടേ ചെയ്യൂവെന്ന് ഉറപ്പാക്കണമെന്ന കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിശദ മാര്‍ഗരേഖ തെരഞ്ഞെടുപ്പ് കമീഷന്‍ വൈകാതെ പ്രസിദ്ധീകരിക്കും.