കണ്ണൂരില്‍ ഗര്‍ഭിണി സഞ്ചരിച്ച കാര്‍ ബിജെപി പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു

single-img
30 March 2021

കണ്ണൂര്‍ പയ്യന്നൂരില്‍ ഗര്‍ഭിണി സഞ്ചരിച്ച കാര്‍ ബിജെപി പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തതായി പരാതി. കല്ല്യാശേരി മണ്ഡലത്തിലെ ബിജെപിയുടെ റോഡ് ഷോയ്ക്കിടെയാണ് ഇന്നലെ വൈകിട്ട് ആക്രമണം.

എട്ട് മാസം ഗര്‍ഭിണിയായ ചെറുതാഴം സ്വദേശിനി നാസിലയെ കാറില്‍ പയ്യന്നൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം നടന്നത്. കല്ല്യാശേരിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ പയ്യന്നൂര്‍ എടാട്ട് വച്ച് വാഹനം തടഞ്ഞ് ആക്രമിച്ചതായാണ് പരാതി. യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിക്കണമെന്ന് വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവും സഹോദരനും ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. ഇതിന് പിന്നാലെ വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ത്തുവെന്നും ബന്ധുക്കള്‍ പറയുന്നു.നാട്ടുകാര്‍ ഇടപെട്ടതോടെയാണ് പ്രവര്‍ത്തകര്‍ പിന്മാറിയത്. ഇതിനിടെ ബോധരഹിതയായ യുവതിയെ മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരമഭിച്ചു.