ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ ബിജെപിയിലെന്ന് വാര്‍ത്ത നല്‍കി ജന്മഭൂമി; വ്യാജ വാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ കുടുംബം

single-img
30 March 2021

മുസ്‌ലിം ലീഗിന്റെ മുന്‍ എംഎല്‍എയായ പിഎപി മുഹമ്മദ് കണ്ണിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന വ്യാജ വാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി കുടുംബം. മുഹമ്മദ് കണ്ണിന്റെ മകനായ ഹബീബ് റഹ്മാന്‍ ബിജെപിയില്‍ എന്ന പേരില്‍ ജന്മഭൂമിയിലാണ് വ്യാജ വാര്‍ത്ത വന്നത്.സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ കുമ്മനം രാജശേഖരനെ സ്വീകരിച്ച ചിത്രമാണ് വാർത്തയുടെ കൂടെ വ്യാജപ്രചരണത്തിന് ഉപയോഗിച്ചതെന്ന് ഹബീബിന്റെ കുടുംബം പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു പ്രവര്‍ത്തകര്‍ക്കൊപ്പം കുമ്മനം രാജശേഖരന്‍ പ്രചാരണ ഭാഗമായി ഹബീബിന്റെ വീട്ടിലെത്തിയത്. അവിടെ എത്തി സ്വകാര്യ സംഭാഷണത്തിന് ശേഷം മടങ്ങും മുമ്പ് ഒരു ഷോള്‍ ഹബീബിനെ കുമ്മനം രാജശേഖരന്‍ അണിയിക്കുകയും കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ഈ ചിത്രം പക്ഷെ ജന്മഭൂമി ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്തയോടൊപ്പം നല്‍ക്കുകയായിരുന്നു. തങ്ങൾ വീട്ടിലെത്തിയ ആളെ സ്വീകരിച്ചത് ആതിഥ്യ മര്യാദയുടെ പേരിലാണെന്നും തങ്ങള്‍ ഇപ്പോഴും യുഡിഎഫ് അനുഭാവികളാണെന്നും കുടുംബം പറയുന്നു.