മഞ്ചേശ്വരത്ത് സിപിഎം- ആര്‍എസ് എസ് ധാരണ: മുല്ലപ്പള്ളി

single-img
30 March 2021
Mullappally Ramachandran Kalpetta

കോണ്‍ഗ്രസ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കാഴ്ചവക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കാസര്‍കോട് ജില്ലയിലെ പ്രചാരണത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുല്ലപ്പള്ളി കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കിയത്.

ഇതേവരെ 800 കോടി രൂപ ചിലവഴിച്ചാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ പിആര്‍ വര്‍ക്ക് നടത്തിയത്. ബാക്കി 200 കോടിരൂപ വരെ തെരഞ്ഞെടുപ്പിന് മുമ്പായി ചിലവഴിക്കുമെന്നും അതിനുള്ള\ ഏജന്‍സികള്‍ ഇക്കാര്യം അറിയിച്ച് തങ്ങളെയും സമീപിച്ചിരുന്നുവെന്നും മുല്ലപ്പള്ളി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ഞങ്ങള്‍ക്ക് പുറത്തുവരുന്ന സര്‍വേയിലൊന്നും വിശ്വാസമില്ല. സർവേ നടത്തുന്ന ഏജന്‍സികള്‍ ഞങ്ങളെയും സമീപിച്ച് വ്യവസ്ഥകളെക്കുറിച്ചും അറിയിച്ചിരുന്നു. എന്ത് വിശ്വാസ്യതയാണ് ഈ ഏജന്‍സികള്‍ക്കുള്ളത്, അത് കേരളത്തിലെ പൊതുസമൂഹം തിരിച്ചറിഞ്ഞിരിക്കുകയാണ്. കാര്യങ്ങള്‍ എന്തെന്ന് നന്നായി മനസിലാക്കുന്നവരാണ് കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാരെന്നു സിപിഎം ഇനിയും തിരിച്ചറിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

സംസ്ഥാനത്തെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പര്യടത്തിനായി പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹം ഒളിച്ചുകളി നടത്തുകയായിരുന്നു. പക്ഷെ കുറേ ദിവസമായി അദ്ദേഹം തെരഞ്ഞെടുപ്പ് തിരക്കിലാണ്. പ്രചരണവേദിയിലെല്ലാം കൊച്ചുവര്‍ത്തമാനം പറയുകയാണ്. ഭരണ കാലത്തെ നേട്ടങ്ങളെ കുറിച്ചോ ബാക്കിപത്രത്തെ കുറിച്ചോ പരാമര്‍ശിക്കുന്നില്ല. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവരുടെ ധാരണ എല്ലാവര്‍ക്കും അറിയാം. അതിന്റെ പാപഭാരം കോണ്‍ഗ്രസിന്റെ തലയില്‍ വക്കുകയാണ് ചെയ്യുന്നത്. ബിജെപിയോടും ആര്‍എസ്എസിനോടും ശക്തമായ വിരോധമുണ്ടെങ്കില്‍ മഞ്ചേശ്വരത്തെ എന്തുകൊണ്ട് സിപിഎം വച്ചുവെന്ന് മുഖ്യമന്ത്രി വിശദമാക്കണമെന്ന് മുല്ലപ്പളളി ആവശ്യപ്പെട്ടു.

സിപിഎം കാഞ്ഞങ്ങാട്ടെ ആര്‍എസ്എസുമായി ചേര്‍ന്നാണ് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ ഇവിടെ നിര്‍ത്തിയത്. കാസര്‍കോട് ജില്ലയില്‍ ആര്‍എസ്എസും സിപിഎമ്മുമായി നടത്തുന്ന ധാരണക്കുള്ള പാലമായാണ് സിപിഎം സ്ഥാനാര്‍ത്ഥി പ്രവര്‍ത്തിച്ചതെന്നും അത്രയ്ക്കും കുപ്രസിദ്ധനായ ഒരാളെ കണ്ടെത്തി മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത് ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.