ലവ് ജിഹാദ്, ബീഫ് നിരോധനം എന്നിവയെല്ലാം ചെറിയ കാര്യങ്ങൾ; ഉത്തരം മുട്ടിയപ്പോൾ ഇ ശ്രീധരൻ അഭിമുഖത്തിൽ നിന്നും ഇറങ്ങി പോയി

single-img
29 March 2021

കേരള രാഷ്ട്രീയത്തിലും സമൂഹത്തിലും സജീവ ചര്‍ച്ചാ വിഷയമായ ലവ് ജിഹാദ്, ബീഫ് നിരോധനം, കെ സുരേന്ദ്രനടക്കെതിരായ ചുമത്തപ്പെട്ടിട്ടുള്ള ക്രിമിനല്‍ കേസുകള്‍ എന്നിവയെപ്പറ്റിയുള്ള ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇ ശ്രീധരൻ.

പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ലോണ്ടറിക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ഇ ശ്രീധരൻ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി നിർത്തി പോയത്. ഈ അഭിമുഖത്തിന്റെ ചെറിയ ഭാഗങ്ങൾ ന്യൂസ്‌ലോണ്ടറി സോഷ്യല്‍ മീഡിയയായ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തക ഇ ശ്രീധരനോട്‌ ബീഫ് നിരോധനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതെല്ലാം ചെറിയ ചെറിയ കാര്യങ്ങളാണെന്നും ഇതിന് താന്‍ ഉത്തരം നല്‍കില്ലെന്നുമായിരുന്നു ശ്രീധരന്റെ മറുപടി. അതേപോലെ തന്നെ
കെ സുരേന്ദ്രനെതിരായ 250ഓളം വരുന്ന കേസുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അതെല്ലാം കെട്ടിച്ചമച്ച കേസുകളാണെന്നും സ്വര്‍ണ്ണക്കടത്ത് കേസില്‍ പിണറായി വിജയനെതിരെ വന്ന കേസുകളെക്കാള്‍ പ്രധാനമാണോ ഈ കേസുകള്‍ എന്ന് കരുതുന്നുണ്ടോ എന്നും ശ്രീധരന്‍ ചോദിക്കുകയും ചെയ്തു.

തൊട്ടു പിന്നാലെ തന്നെ ലവ് ജിഹാദ് നടപ്പാക്കിയില്ലെങ്കില്‍ കേരളം ഒരു മിനി സിറിയ ആകുമെന്ന് പറഞ്ഞ ശ്രീധരന്റെ പ്രസ്താവനയെ പറ്റിയും മാധ്യമപ്രവര്‍ത്തക ഇ ശ്രീധരനോട് ചോദിച്ചു. ഈ സമയം നിങ്ങള്‍ വീണ്ടും വീണ്ടും ഒരേ കാര്യത്തെക്കുറിച്ച് ചോദിച്ച് കൊണ്ടിരിക്കുകയാണെന്നും മറുപടി പറയാന്‍ സാധിക്കില്ലെന്നും ശ്രീധരന്‍ പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ടെന്ന് പറഞ്ഞപ്പോൾ നമുക്ക് ഇത് നിര്‍ത്താം എന്ന് ആവശ്യപ്പെടുകയായിരുന്നു ശ്രീധരന്‍.