88 വയസായ ഒരു ടെക്നോക്രാറ്റിന് പാലക്കാടിന്റെയും കേരളത്തിന്റെയും ഭാവിയായി മാറാൻ സാധിക്കുമോ: ശശി തരൂർ

single-img
29 March 2021

പാലക്കാട് നിന്നും മത്സരിക്കുന്ന ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇ ശ്രീധരനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂർ എം പി. 88 വയസായ ഒരു ടെക്നോക്രാറ്റിന് പാലക്കാടിന്റെയും കേരളത്തിന്റെയും ഭാവിയായി മാറാൻ സാധിക്കുമോ എന്നും പ്രായം കൂടുതലായാൽ മണ്ഡലത്തിലെ പ്രവർത്തനങ്ങളെ ബാധിക്കുന്നതിന് തെളിവാണ് നേമത്തേതെന്നും അദ്ദേഹം ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 86 വയസുള്ള ഒ രാജ​ഗോപാലിനെയാണ് ബി ജെ പി സ്ഥാനാർത്ഥിയാക്കിയത്. ഒരിക്കലെങ്കിലും നിയമസഭയിൽ അദ്ദേഹത്തിന്റെ ശബ്ദം കേട്ടോ, വികസന പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്തോ എന്നും തരൂർ ചോദിക്കുന്നു. 51ആം വയസ്സിൽ മാത്രം രാഷ്ട്രീയത്തിൽ എത്തിയപ്പോൾ തന്നെ വൈകിപ്പോയെന്ന് തനിക്ക് തോന്നിയെന്നും തരൂർ ഇതോടൊപ്പം കൂട്ടിചേർത്തു.

പാലക്കാട് നിന്നും മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് റാലിക്കെത്തിയതായിരുന്നു ശശി തൂരൂർ. ഷാഫി തീര്‍ച്ചയായും സംസ്ഥാനത്തിന്റെ ഭാവിയാണെന്നും പത്ത് വർഷക്കാലം എത്ര ആത്മാർത്ഥതയോടെയാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും തരൂർ പറഞ്ഞു.