കൊവിഡിന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തി

single-img
26 March 2021

പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തി. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ബംഗ്ലാദേശിലെത്തിയത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനമാണിത്. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങളിൾ അദ്ദേഹം വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഷെയ്ഖ് മുജിബുർ റഹ്‌മാന്‍റെ ജന്മശതാബ്ദി ആഘോഷങ്ങളിലും പങ്കെടുക്കുന്ന പ്രധാനമന്ത്രി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ചർച്ച നടത്തുകയും ചെയ്യും.

ധാക്കയിലെ ഹസ്രത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രധാനമന്ത്രി ഹസീന മോദിയെ സ്വീകരിച്ചു. മാസ്ക് ധരിച്ചാണു മോദി വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയത്. വിമാനത്താവളത്തിൽ ഗാർഡ് ഓഫ് ഓണറും സ്വീകരിച്ചു. അയൽക്കാർ ആദ്യം എന്ന ഇന്ത്യയുടെ നയത്തിന് അനുസൃതമാണ് കൊവിഡിനു ശേഷമുള്ള തന്‍റെ ആദ്യ വിദേശയാത്ര ബംഗ്ലാദേശിലേക്കായതെന്നു പ്രധാനമന്ത്രി പറയുന്നു. ഷെയ്ഖ് ഹസീനയുടെ ഊർജസ്വലമായ നേതൃത്വത്തിൽ ബംഗ്ലാദേശിന്‍റെ വികസനയാത്രയെ ഇന്ത്യ സഹായിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.