അമിത് ഷാക്ക് സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വായടക്കണം; പശ്ചിമ ബംഗാള്‍ വഴി നുഴഞ്ഞു കയറ്റ ആരോപണം ഉന്നയിച്ച അമിത്ഷായ്ക്കെതിരെ മഹുവ മൊയ്ത്ര

single-img
26 March 2021

പശ്ചിമ ബംഗാള്‍ വഴി അതിര്‍ത്തി രാജ്യങ്ങളില്‍ നിന്ന് നുഴഞ്ഞു കയറ്റം നടക്കുന്നുണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ആരോപണത്തെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്ത്ര.

രാജ്യത്തിന്റെ സുരക്ഷാ സേനകളെ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രിയാണ് നുഴഞ്ഞു കയറ്റത്തെ കുറിച്ച് പരസ്യമായി വിലപിക്കുന്നത്. സ്വന്തം ഉത്തരവാദിത്വം നന്നായി നിര്‍വഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അമിത് ഷാ വായടക്കണമെന്നും മഹുവ തുറന്നടിച്ചു. ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം.

രാജ്യത്തെ ‘ബിഎസ്എഫ്, എസ്എസ്ബി, ഐടിബിപി, അസം റൈഫിള്‍സ് തുടങ്ങി എല്ലാ സേനാ വിഭാഗങ്ങളെയും നിയന്ത്രിക്കുന്ന അതേ ആഭ്യന്തരമന്ത്രി ‘നുഴഞ്ഞുകയറ്റത്തെക്കുറിച്ച്’ പരസ്യമായി വിലപിക്കുന്നതെന്തു വിരോധാഭാസമാണ്.

ഒന്നുകില്‍ സ്വന്തം ഉത്തരവാദിത്വം നന്നായി നിര്‍വഹിക്കുക, അല്ലെങ്കില്‍ വായടക്കുക’. മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

പശ്ചിമ ബംഗാളില്‍ നിരവധി ബോംബ് നിര്‍മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അമിത് ഷാ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. അതിനെതിരേയും വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു. രാജ്യ സുരക്ഷയുടെ ഉത്തരവാദിത്വമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി ബോംബ് നിര്‍മാണ കേന്ദ്രങ്ങളെ കുറിച്ച് അറിവുണ്ടായിട്ട് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് തൃണമൂല്‍ നേതാക്കള്‍ ചോദിച്ചു. ബോംബ് നിര്‍മാണ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരം പുറത്ത് വിടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ നിയമ പ്രകാരവും അപേക്ഷ നല്‍കിയിരുന്നു.