അച്ഛനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ഫാക്ടറിയിൽ കവർച്ച നടത്തി മകന്റെ പ്രതികാരം

single-img
25 March 2021

ന്യൂഡൽഹിയിൽ മോഷണക്കുറ്റം ആരോപിച്ച് നാണംകെടുത്തി ഫാക്ടറിയിലെ ജോലിയിൽ നിന്നും അച്ഛനെ പുറത്താക്കിയതിന്റെ പ്രതികാരമായി ഫാക്ടറിയിൽ കവർച്ച നടത്തിയ യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ. മുണ്ട്ക സ്വദേശി വിക്കി(23) സുഹൃത്തുക്കളായ അക്ഷയ്(26), ഗോവിന്ദ്(21), കൃഷ്ണ(23), ധർമ്മേന്ദർ(39) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ചയാണു ഫാക്ടറിയിൽ മോഷണമുണ്ടായത്.

ഇതിനു മുൻപ് വിക്കിയുടെ പിതാവ് 20 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന ഫാക്ടറി പരിസരത്തുനിന്നു പല വിലപിടിപ്പുള്ള വസ്തുക്കളുടെ മോഷണം നടന്നുവെന്നും ഇതിൽ വിക്കിയുടെ പിതാവിനു പങ്കുണ്ടെന്നും ആരോപിച്ചാണു ജോലിയിൽനിന്നു പിരിച്ചുവിട്ടത്. ‌ഇതിലുള്ള അമർഷമാണു സംഭവത്തിനു പിന്നിലെന്നു ഔട്ടർ ഡൽഹി ഡപ്യൂട്ടി കമ്മിഷണർ പരമീന്ദർ സിങ് വ്യക്തമാക്കി.

വിക്കിയുടെ പിതാവ് 20 വർഷത്തിലേറെയായി ഫാക്ടറിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ജോലി നഷ്ടപ്പെട്ടതോടെ വരുമാനം അടഞ്ഞു. ഫാക്ടറിയിലേക്കുള്ള പ്രവേശനവഴികളെല്ലാം കൃത്യമായി അറിയാവുന്ന വിക്കി സുഹൃത്തുക്കൾക്കൊപ്പമെത്തിയാണ് മോഷണം നടത്തിയത്.

ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ മോഷ്ടിക്കപ്പെട്ടതായി പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും. ഫാക്ടറിക്ക് സമീപം സ്ഥാപിച്ച സിസിടിവി ക്യാമറകളിലെ പരിശോധനയെ തുടർന്ന് ചില യുവാക്കൾ ഗ്രാമീണ സേവാ ഓട്ടോറിക്ഷയിൽ ഫാക്ടറിയിലേക്ക് വരുന്നതായി കണ്ടു. ഇതിനെ തുടർന്നുള്ള അന്വേഷണത്തിൽ വിക്കി എന്ന യുവാവ് ആർടിവി ബസ് ഓടിക്കുന്നതായി മനസ്സിലാക്കിയ പോലീസ് ചൊവ്വാഴ്ച വിക്കിയെ അറസ്റ്റ് ചെയ്തു. തുടർന്ന് കൂട്ട് പ്രതികളായ സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടർന്ന് തുണ്ടിമുതലായ ഇവർ ഉപയോഗിച്ച ഗ്രാമീണ സേവ ഓട്ടോറിക്ഷ, രണ്ട് മൊബൈൽ ഫോണുകൾ, ലക്ഷക്കണക്കിന് രൂപ വിലവരുന്ന സാധനങ്ങൾ എന്നിവ പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തു. കമ്പ്യൂട്ടർ മോണിറ്റർ, സിപിയു, 32 ഇഞ്ച് എൽസിഡി ടിവി, സിസിടിവി ക്യാമറകളും അതിന്റെ ഭാഗങ്ങളും മൂന്ന് വാണിജ്യ സിലിണ്ടറുകളും ഇതിൽ ഉൾപ്പെടുന്നു.