കേരളത്തില്‍ ഇടതുസര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടായാല്‍ അത് സര്‍വനാശം: എകെ ആന്റണി

single-img
25 March 2021

കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടായാല്‍ അത് സര്‍വ്വനാശമായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഭരണത്തില്‍ വന്ന ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷം പിണറായി സര്‍ക്കാര്‍ തുടര്‍ന്നു പോന്നത് പിടിവാശിയായിരുന്നുവെന്നും ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഇടതുമുന്നണിയുടെ സൗമ്യത വീണ്ടും അധികാരത്തിലേറുന്നതു വരെയേ ഉണ്ടാവൂ എന്നും ആന്റണി പറയുന്നു.

അതുകൊണ്ടുതന്നെ സംസ്ഥാനത്ത് എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടായാല്‍ പി ബിക്ക് പോലും നിയന്ത്രിക്കാന്‍ സാധിക്കില്ല എന്നും ആന്റണി ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. ‘ഒരിക്കല്‍ കൂടി ഈ സര്‍ക്കാര്‍ തിരിച്ചു വന്നാല്‍ അത് കേരളത്തിന് നാശമാവുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. തുടര്‍ഭരണം ഉണ്ടായിക്കൂടാ എന്നാണ് എന്റെ ഉറച്ച അഭിപ്രായം. എന്തുകൊണ്ടെന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം പിടിവാശിയോട് കൂടി, അഹങ്കാരത്തോട് കൂടി എല്ലാം ചെയ്തിട്ട് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇവര്‍ സ്വരം മാറ്റി.

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സൗമ്യതയോട് കൂടി തെറ്റ് ഏറ്റുപറഞ്ഞ് വന്നാല്‍ ജനങ്ങള്‍ എല്ലാം മറക്കുമെന്നും തിരിച്ചുവരാമെന്നും വ്യാമോഹിക്കുന്ന ഈ ഗവണ്‍മെന്റിന്റെ കാപട്യം തുറന്നു കാണിക്കണമെന്ന് അഭിപ്രായമുണ്ട്. കാരണം ഇവര്‍ ഇപ്പോള്‍ കാണിക്കുന്ന ഈ സൗമ്യത ഒരു മാസത്തേക്കു മാത്രമുള്ള സൗമ്യതയാണ്. സൗമ്യത കാണിച്ച് ജനങ്ങളെ കബളിപ്പിച്ച് ഈ സര്‍ക്കാരിന് തിരിച്ചു വരവുണ്ടായാല്‍ ഈ സംസ്ഥാനത്തിന് സര്‍വനാശമുണ്ടാവും,’എ കെ ആന്റണി പറഞ്ഞു

അതേപോലെ തന്നെ സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടര്‍ഭരണം പ്രവചിച്ച സര്‍വേകളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും നേതാവായി കാണുന്നില്ല. സംസ്ഥാനത്ത് കൂടുതല്‍ മികച്ച വിജയത്തിന് കൂട്ടായ പ്രവര്‍ത്തനമാണ് നല്ലതെന്നാണ് തോന്നിയത്. അതിനാലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാതിരുന്നതെന്നും ആന്റണി പറയുന്നു.