പാദങ്ങൾ കഴുകുന്നത് പാരമ്പര്യത്തിന്റെ ഭാഗം; ഇടതു പാർട്ടികൾക്ക് അതറിയില്ല: ഇ ശ്രീധരന്‍

single-img
25 March 2021

മുതിർന്നവരുടെ പാദങ്ങൾ കഴുകുക എന്നത് പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഇടതു പാർട്ടികൾക്ക് അത് അറിയില്ലെന്നും പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരൻ. ”കാലുകള്‍ കഴുകുക എന്നത് പാരമ്പര്യമാണ്. മുതിർന്നവരോട് ബഹുമാനം പ്രകടിപ്പിക്കുന്ന മാർഗമാണിത്. എല്ലാവരും ഇതു ചെയ്യുന്നു, എന്റെ മക്കളും ചെയ്യാറുണ്ട്. കേരളത്തിൽ മാത്രമല്ല, ഇന്ത്യ മുഴുവൻ ഇതുണ്ട്”- ഇ ശ്രീധരൻ പറഞ്ഞു.

എന്നാല്‍, നമ്മുടെ പാരമ്പര്യത്തോട് ഒരു താത്പര്യവുമില്ലെന്നാണ് കാൽകഴുകലിനെ എതിർക്കുന്നതിലൂടെ ഇടതുപാർട്ടികൾ വ്യക്തമാക്കുന്നതെന്ന് ശ്രീധരൻ ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎൻഐയോടു പറഞ്ഞു. സംസ്ഥാനത്ത് ബിജെപി കൂടുതൽ സീറ്റു നേടുമെന്ന് ശ്രീധരൻ ഇതോടൊപ്പം അഭിപ്രായപ്പെടുകയും ചെയ്തു.

ബിജെപി നേടുന്ന സീറ്റുകള്‍ ഒരുപക്ഷെ കേവല ഭൂരിപക്ഷംആവാം, അല്ലെങ്കിൽ സംസ്ഥാന രാഷ്ട്രീയത്തില്‍ കിങ് മേക്കർ പദവിയിൽ എത്തുന്നതിനു വേണ്ട സീറ്റുകൾ ആവാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


കഴിഞ്ഞ കാലങ്ങളില്‍ എൽഡിഎഫിനെയും യുഡിഎഫിനെയും മടുത്ത ആളുകൾ ഇത്തവണ ബിജെപിക്കു വോട്ടു ചെയ്യും. അധികാരത്തിൽ എത്തിയാൽ കേരളത്തിലേക്കു കൂടുതൽ വ്യവസായങ്ങൾ എത്തിക്കുന്നതിനാവും ശ്രമിക്കുകയെന്നും ശ്രീധരൻ പറഞ്ഞു.