ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നത് മദ്യം; സാമൂഹ്യഅകലം കാറ്റിൽ പറത്തി ക്ഷേത്രം സന്ദര്‍ശിച്ചത് നൂറുകണക്കിന് ആളുകള്‍

single-img
25 March 2021

രാജ്യമാകെ ദിനംപ്രതി കൊവിഡ് വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യുമ്പോഴും പ്രൊട്ടോക്കോള്‍ ലംഘിച്ച് ബാബാ റോഡേ ഷാ ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയത് നൂറുകണക്കിന് ആളുകള്‍. പഞ്ചാബിലുള്ള അമൃത്സറിലാണ് മാസ്കും സാമൂഹ്യ അകലവുമെല്ലാം വ്യാപകമായി ലംഘിച്ച് ധാരാളം ആളുകള്‍ വ്യാഴാഴ്ച ക്ഷേത്ര ദര്‍ശനത്തിനെത്തിയത്.

ഇന്ത്യയില്‍ തന്നെ മദ്യക്കുപ്പി പ്രസാദമായി നല്‍കുന്ന അപൂര്‍വമായ ഒരു ക്ഷേത്രം കൂടിയാണ് ഇത്. അവസാന 90 വര്‍ഷമായി നടക്കുന്ന ക്ഷേത്ര ഉത്സവം ഇത്തവണയും പതിവ് തെറ്റാതെ നടത്തുകയായിരുന്നു. പ്രദേശത്തെ ഫത്തേഗര്‍ ചുരിയാന്‍ റോഡിലെ ഭോമ ഗ്രാമത്തിലാണ് ഈക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഭോമ ഗ്രാമത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും ഈ ക്ഷേത്രം സ്ഥാപിച്ച ബാബയുടെ ബന്ധുവുമാണ് നിലവില്‍ ക്ഷേത്രം നടത്തുന്നത്. വലിപ്പമുള്ള കലങ്ങളില്‍ മദ്യം ശേഖരിച്ച് വച്ച് അത് തന്‍റെ ഭക്തര്‍ക്ക നല്‍കിയിരുന്ന രീതിയായിരുന്നു ബാബ ചെയ്തിരുന്നത്. പക്ഷെ ബാബാ മദ്യപിക്കാറില്ലെന്നും ഇവര്‍ പറയുന്നു. വര്‍ഷത്തിലെ എല്ലാ ദിവസവും ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നതും മദ്യമാണെങ്കിലും ഉത്സവകാലത്ത് നല്‍കുന്ന മദ്യത്തിന്‍റെ അളവ് കൂടുതലായിരിക്കും.

സാധാരണയായി ഉത്സവത്തിന്‍റെ ആദ്യം ദിനം പുരുഷ ഭക്തന്മാര്‍ക്കും രണ്ടാം ദിനം സ്ത്രീകള്‍ക്കുമായി നടത്തിയിരുന്നതായിരുന്നു ഇവിടെ പിന്തുടര്‍ന്നിരുന്ന രീതി. ആരാധിക്കാനായി ക്ഷേത്രത്തിലെത്തുന്ന എല്ലാവര്‍ക്കും ഗ്ലാസിലാണ് മദ്യം പ്രസാദമായി നല്‍കുക . ഗുരുദാസ്പൂര്‍ സ്വദേശിയായിരുന്ന ബാബ 1896ലാണ് ഭോമയിലെത്തിയതായി കണക്കാക്കുന്നത്. തുടര്‍ന്ന് ഇവിടെത്തന്നെ1924ലാണ് ബാബ മരിക്കുന്നത്.