സ്വയം വിരമിക്കലിനുശേഷം യുഎഇയിൽ സ്ഥിരതാമസത്തിനും ബിസ്സിനസ്സിനും ശിവശങ്കർ പദ്ധതിയിട്ടിരുന്നതായി സ്വപ്നയുടെ മൊഴി

single-img
24 March 2021

സർവീസിൽ നിന്നും സ്വയം വിരമിച്ചു യുഎഇയിൽ സ്ഥിര താമസമാക്കാൻ എം.ശിവശങ്കർ പദ്ധതിയിട്ടിരുന്നതായി സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). തിരുവനന്തപുരത്തെ യുഎഇ കോൺസൽ ജനറൽ ജമാൽ അൽ സാബിയുമായി ചേർന്നു ലാഭം പങ്കുവച്ചു കൂട്ടു ബിസ്സിനസ്സിനും ശിവശങ്കർ പദ്ധതിയിട്ടു. ദുബായിൽ വാങ്ങാനായി ഫ്ലാറ്റ് കണ്ടെത്താൻ ശിവശങ്കർ ആവശ്യപ്പെട്ടിരുന്നതായും ഇഡി ഹാജരാക്കിയ സ്വപ്നയുടെ മൊഴിപ്പകർപ്പിലുണ്ട്.

യുഎഇയിൽ ഫ്ലാറ്റ് വാങ്ങുന്നതിലൂടെ അവിടെ താമസവീസ തരപ്പെടുത്താനായിരുന്നു ശിവശങ്കറിന്റെ ശ്രമം. സ്വയം വിരമിക്കലിനുശേഷം യുഎഇയിൽ സ്ഥിരതാമസമാക്കുമ്പോൾ അത് ഉപയോഗിക്കാമെന്നും കരുതി. സ്റ്റാർട്ടപ് മിഷൻ വഴി കേരളത്തിൽ റജിസ്റ്റർ ചെയ്ത കമ്പനി നിർമിക്കുന്ന വെർച്വൽ റിയാലിറ്റി ഉപകരണങ്ങൾ നയതന്ത്ര ചാനൽ വഴി മധ്യപൂർവദേശത്ത് എത്തിക്കാനും അവിടെ വിതരണം ചെയ്യാനുമായിരുന്നു പദ്ധതി.

ജമാൽ അൽ സാബിക്കു മാത്രമായിരിക്കും മധ്യപൂർവദേശത്തു ഉപകരണങ്ങളുടെ വിതരണാവകാശം. അമേരിക്കയിൽ നിർമിക്കുന്നതിനേക്കാൾ ചെലവ് കുറച്ച് ഉപകരണങ്ങൾ ഇവിടെ നിർമിക്കാമെന്നതായിരുന്നു ആകർഷണം. ശിവശങ്കറിനു തിരുവനന്തപുരം ടെക്നോപാർക്കിലുൾപ്പെടെ പല കമ്പനികളിലും ഓഹരി പങ്കാളിത്തമുണ്ടെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.