സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന വിധി പുനഃപരിശോധിക്കണം; സുപ്രീംകോടതിയിൽ കേരളം

single-img
24 March 2021

സര്‍ക്കാര്‍ വകുപ്പുകളിലെ ജോലിയിലും വിദ്യാഭ്യാസ പ്രവേശനത്തിനും സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന ഇന്ദിരാസാഹിനി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചു. മഹാരാഷ്ട്രയിൽ നേരത്തെ മറാത്ത സംവരണം കൊണ്ടുവന്നതിനെതിരെയുള്ള ഹര്‍ജിയിൽ 1992ലെ ഇന്ദിരാസാഹിനി കേസിലെ വിധി പുനഃപരിശോധിക്കേണ്ടതുണ്ടോ എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിനാണ് കേരള സര്‍ക്കാര്‍ ഇത്തരത്തില്‍ നിലപാട് അറിയിച്ചത്.ആവശ്യമാണെങ്കില്‍ 50 ശതമാനത്തിന് മുകളിലും സംവരണം നൽകണമെന്ന് കേരളം അഭിപ്രായപ്പെട്ടു.

നേരത്തെ ഇന്ദിരാസാഹിനി കേസിലെ വിധി പുറപ്പെടുവിച്ച സമയത്ത് അപ്പോഴുള്ള സാമൂഹിക പിന്നാക്കാവസ്ഥ മാത്രം കണക്കാക്കിയായിരുന്നു സംവരണം. എന്നാല്‍, കാലം മാറിയതായും ഇപ്പോഴത്തെ പുതിയ സാഹചര്യത്തിൽ സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണത്തിനുള്ള മാനദണ്ഡം ആകണമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചു.

ഇതോടൊപ്പം തന്നെ സംവരണ കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകണമെന്നുംകേരളം ആവശ്യപ്പെട്ടു.മുന്‍പ് മണ്ഡൽ കമ്മീഷൻ റിപ്പോര്‍ട്ട് പ്രകാരം 27 ശതമാനം പിന്നാക്ക സംവരണം ഏര്‍പ്പെടുത്തിയതിന് എതിരെയുള്ള ഇന്ദിരാസാഹിനി കേസിലെ വിധി പറഞ്ഞത് സുപ്രീംകോടതിയിലെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചായിരുന്നു.നിലവില്‍ ആ വിധി പുനഃപരിശോധിക്കണമെങ്കിൽ 11 അംഗം ഭരണഘടന ബെഞ്ച് ചേരണം.അതിനായി എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം സുപ്രീംകോടതി തേടിയിരുന്നു.