ശബരിമല, ലവ് ജിഹാദ് വിഷയങ്ങളിൽ നിയമനിർമ്മാണം: പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ

single-img
24 March 2021

സംസ്ഥാനത്തെ എൻഡിഎയുടെ പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്ര മന്ത്രിയായ പ്രകാശ് ജാവേദ്ക്കറാണ് പത്രിക പുറത്തിറക്കിയത്. ശബരിമലയിൽ ആചാരസംരക്ഷണത്തിന് വേണ്ടി നിയമ നിർമ്മാണം നടത്തും. ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരും. ബിപിഎൽ കുടുംബങ്ങൾക്ക് ആറ് സൗജന്യ പാചക വാതക സിലിണ്ടർ നൽകും. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ് ടോപ്പ് നൽകും.ഒരു കുടുംബത്തിൽ ഒരാൾക്ക് വീതം ജോലി നൽകും. ക്ഷേമ പെൻഷൻ 3500 രൂപയാക്കി വർധിപ്പിക്കുമെന്നത് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളാണ് എൻഡിഎ പ്രകടന പത്രികയില്‍ പറയുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികൾ പേര് മാറ്റി അതിന്റെ നേട്ടം കേരളത്തിലെ സർക്കാർ അവകാശപ്പെടുകയാണെന്ന് പത്രിക പുറത്തിറക്കിയ കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കർ പറഞ്ഞു. കേരളത്തിൽ മാത്രമാണ് സിപിഎമ്മും കോൺഗ്രസും തമ്മിൽ മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് നിഴൽ യുദ്ധം മാത്രമാണെന്നും പ്രകാശ് ജാവേദ്ക്കർ ആരോപിച്ചു.