കൊവിഡ് വ്യാപനം : ഡല്‍ഹി,ഗുജറാത്ത്,മഹാരാഷ്ട്ര എന്നിവടങ്ങളില്‍ ഹോളി ആഘോഷത്തിന് നിരോധനം

single-img
24 March 2021

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 47,262 പോസിറ്റീവ് കേസുകളും 275 മരണവും റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലുള്ള ഹോളി ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി നിരവധി സംസ്ഥാനങ്ങള്‍ രംഗത്തെത്തി. ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ഉയരുകയാണ്. കഴിഞ്ഞ ഡിസംബര്‍ 24 ന് ശേഷം ആദ്യമായി ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ 1000 കടന്നു. അതേസമയം രാജ്യത്ത് ഇതുവരെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം അഞ്ച് കോടി പിന്നിട്ടു.

മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്നലെ സംസ്ഥാനത്ത് 28,699 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 132 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.
മഹാരാഷ്ട്രയില്‍ ഇതുവരെ 25,33,026 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 22,47,495 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 53,589 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. നിലവില്‍ 2,30,641 കേസുകളാണ് സംസ്ഥാനത്തുള്ളത്.