തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ്; ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

single-img
23 March 2021

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. വിമാനത്താവള ജീവനക്കാരുടെ സംഘടന അടക്കം സമര്‍പ്പിച്ച ഹര്‍ജികളും കോടതിയുടെ പരിഗണനയ്ക്കെത്തും.

വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. മുഴുവന്‍ നടപടികളും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണെന്നാണ് സര്‍ക്കാര്‍ വാദം. ടെന്‍ഡര്‍ നടപടികളില്‍ ക്രമക്കേടുണ്ടെന്നും, പൊതുതാത്പര്യം പരിഗണിച്ചില്ലെന്നും അപ്പീലില്‍ ആരോപിക്കുന്നു.

അദാനി ഗ്രൂപ്പിന് വിമാനത്താവളങ്ങള്‍ നടത്തി മുന്‍പരിചയമില്ല. നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ കേരള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നേരിട്ട് നടത്തുന്നതാണ്. ലേല വ്യവസ്ഥകള്‍ അദാനി ഗ്രൂപ്പിനെ മുന്നില്‍ക്കണ്ട് തയാറാക്കിയതാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ടെന്‍ഡര്‍ നടപടികളില്‍ പരിഗണന വേണമെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചിരുന്നില്ല. ടെന്‍ഡര്‍ നടപടിയോട് സഹകരിച്ച ശേഷം പിന്നീട് എതിര്‍പ്പ് ഉന്നയിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്.