കൊവിഡ് കാലത്തെ ലോണുകളുടെ മൊറട്ടോറിയം നീട്ടില്ലെന്ന് സുപ്രിംകോടതി

single-img
23 March 2021

കൊവിഡ് കാലത്തെ ലോണുകളുടെ മൊറട്ടോറിയം നീട്ടില്ലെന്ന് സുപ്രിംകോടതി. സാമ്പത്തിക കാര്യങ്ങളില്‍ ജുഡീഷ്യറിക്ക് ഇടപെടുന്നതില്‍ പരിമിതിയുണ്ട്. സര്‍ക്കാറാണ് ഇക്കാര്യങ്ങളില്‍ മുന്‍ഗണനകള്‍ തീരുമാനിക്കേണ്ടതെന്നും കോടതി. മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടുന്ന കാര്യത്തിലോ മൊറട്ടോറിയം പ്രഖ്യാപിച്ച വായ്പകളുടെ പരിധിയിലോ ഇടപെടില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.

ലോക്ഡൗണ്‍ കാലത്തെ ഏര്‍പ്പെടുത്തിയ മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടണമെന്ന ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ വിധി. ഇക്കാലത്തെ വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാത്തതും ഹരജിക്കാര്‍ ചോദ്യം ചെയ്തിരുന്നു.

കൊവിഡ് പശ്ചാത്തലത്തിലാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27ന് മൂന്ന് മാസത്തെ മൊറട്ടോറിയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. പിന്നീട് മൂന്ന് മാസം കൂടി കാലാവധി നീട്ടി നല്‍കി. ഇതിനിടെയാണ് മൊറട്ടോറിയം കാലാവധി നീട്ടണമെന്നും, പിഴപ്പലിശ ഈടാക്കരുതെന്നുമുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ എത്തിയത്. ആറ് മാസം കൂടി മൊറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി നല്‍കിയത്.