ഇരുപത് വര്‍ഷത്തിനിടെ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സംഭാവനയായി ലഭിച്ചത് 1800 കിലോ സ്വര്‍ണ്ണം

single-img
23 March 2021

അവസാന ഇരുപത് വര്‍ഷത്തിനുള്ളില്‍ മാത്രംജമ്മുവിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സംഭാവനയായി ലഭിച്ചത് 1800 കിലോ സ്വര്‍ണമെന്ന് റിപ്പോര്‍ട്ട്. ഇതിനുപുറമേ 4700 കിലോ വെള്ളിയും 2000 കോടി രൂപയും 2000-2020 വര്‍ഷത്തില്‍ ലഭിച്ചെന്നാണ് ഉത്തരാഖണ്ഡ് സ്വദേശിയായ ആക്ടിവിസ്റ്റ് ഹേമന്ദ് ഗൗനിയയുടെ വിവരാവകാശ രേഖയില്‍ പറയുന്നത്.

പലതും ദാനമായും ദക്ഷിണയായുമാണ് ഇത് ലഭിച്ചതെന്നും വിവരാവകാശ രേഖ വിശദമാക്കുന്നു.ജമ്മുവിലെ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് നല്‍കിയ വിവരാവകാശം മൂലമുള്ള അപേക്ഷയ്ക്ക് കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രം ബോര്‍ഡ് എക്സിക്യുട്ടീവ് ഓഫീസറാണ് വിശദമായ മറുപടി നല്‍കിയിരിക്കുന്നത്.

പ്രതിവര്‍ഷം ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഇവിടെയെത്തുന്നത്. പക്ഷെ ഇതുവരെ ഇവിടെ ലഭിക്കുന്ന സംഭാവന എത്രയാണെന്ന് എവിടെയും പ്രസിദ്ധീകരിക്കാറില്ല. അതുകൊണ്ടാണ് വിവരാവകാശ രേഖ നല്‍കിയതെന്നാണ് ഹേമന്ദ് പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ഹിന്ദു ക്ഷേത്രങ്ങളിലൊന്നാണ് വൈഷ്ണോ ദേവി ക്ഷേത്രം.