കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടു; കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി പിഎം സുരേഷ് ബാബു കോണ്‍ഗ്രസ് വിടുന്നു

single-img
23 March 2021

കെ പി സി സി മുന്‍ ജനറല്‍ സെക്രട്ടറി പി എം സുരേഷ് ബാബു കോൺഗ്രസ് വിടുന്നു. ഇന്നത്തെ സാഹചര്യത്തിൽ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടതിനാലാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെതെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഒരാള്‍ പോകാന്‍ തീരുമാനിക്കുമ്പോള്‍ അവരെ വിളിച്ച് ഒരു യാത്രയയപ്പ് കൊടുക്കുന്ന സമീപനമാണ് കോണ്‍ഗ്രസിനുള്ളത്. അല്ലാതെ പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുന്നേയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ കോണ്‍ഗ്രസ് വിടുന്നു എന്നത് സത്യമാണ്. ഈ പാർട്ടിക്ക് എന്നെ പോലുള്ളവരെ ഇനി ആവശ്യമില്ല എന്ന നിലപാടാണ്. അത് കോണ്‍ഗ്രസിന്റെ ഒരുവശം മാത്രമാണ്. എന്നാൽ കോണ്‍ഗ്രസിനെക്കൊണ്ട് നമ്മുടെ രാജ്യം ആഗ്രഹിക്കുന്ന നയങ്ങള്‍ പ്രായോഗികമാക്കാന്‍ കഴിയുന്നില്ല എന്ന തിരിച്ചറിവും വന്നിരിക്കുന്നു.

നമ്മുടെ നാട് മതവിഭാഗീയതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അതിന് ശക്തമായി ചെറുക്കാന്‍ കഴിയുന്ന ഒരു പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്നു. എന്നാല്‍ ഇപ്പോൾ ദേശീയ തലത്തില്‍ പോലും നേതൃത്വത്തിന് ആളില്ല. ഇത്തരത്തിലുള്ള തിരിച്ചറിവുകളും പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്,’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അടുത്തിടെ കോൺഗ്രസിൽ നിന്നും പുറത്തുവന്ന പി സി ചാക്കോ കഴിഞ്ഞ ദിവസം തന്നെ വന്ന് കണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു. നിലവിൽ തനിക്ക് ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.